നിലമ്പൂർ: പാരമ്പര്യ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ പ്രതി ഷൈബിൻ അഷ്റഫ് അറസ്റ്റിൽ. കൊലപാതകം നടത്തിയത് മൂലക്കുരുവിന്റെ ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ. മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയെന്ന പരാതിയുമായി പോലീസിനെ സമീപിച്ച കേസിലെ പരാതിക്കാരനാണ് കൊലക്കേസിലെ പ്രതിയായി മാറിയത്. സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്നു പരാതിപ്പെട്ടതാണ് വഴിത്തിരിവായത്.
ഇതോടെ, നിലമ്പൂർ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ് കുടുങ്ങി. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു. പിന്നീട്, കൊന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഒരു വർഷത്തിലധികം വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. വൈദ്യനെ തട്ടിക്കൊണ്ടു വന്നായിരുന്നു ഷൈബിൻ ബന്ദിയാക്കിയത്.
2020ലാണ് കൊലപാതകം നടന്നത്. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സയുടെ രഹസ്യം തട്ടിയെടുക്കാനാണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. എന്നാൽ, രഹസ്യം ലഭിക്കാതായതോടെ, വൈദ്യനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് മോഷണക്കേസിൽ പ്രതിയായ സുഹൃത്തിന്റെ മൊഴി. ഷൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. വീട്ടിൽ കവർച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ പ്രതികളാണ് ഇത് പൊലീസിനോട് പറഞ്ഞത്. അങ്ങനെ മോഷണക്കേസ് അപ്രതീക്ഷിതമായി കൊലക്കേസായി.
സംഭവം ഇങ്ങനെ,
മൈസൂരു രാജീവ് നഗറിൽ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ താമസിപ്പിച്ചു. ഒരു വർഷമായിട്ടും രഹസ്യം കിട്ടിയില്ല. ഇതോടെ കൊലപാതകം നടത്തി. 2020 ഒക്ടോബറിൽ ഷൈബിന്റെ നേതൃത്വത്തിൽ മർദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളി.
വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ്, മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്. പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അവരെ പറഞ്ഞു പറ്റിച്ചു. അങ്ങനെയാണ് ഇവർ മോഷണം നടത്തുന്നത്.
ഷാബാ ശെരീഫിനെ കാണാതായപ്പോൾ, ബന്ധുക്കൾ മൈസൂരു പൊലീസിൽ പരാതിനൽകിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ പൊലീസിനു കൈമാറി. ഇത് ബന്ധുക്കളെ കാട്ടി ഷാബാ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് വിവരം പുറത്തു വിട്ടത്. രണ്ടുവർഷം പിന്നിട്ടതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പൊലീസ് പറയുന്നു.
Post Your Comments