Latest NewsIndia

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കൽ: സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ രാഷ്ട്രീയ നീക്കവുമായി ആം ആദ്മിയും കോൺഗ്രസും

പോലീസിനെയും ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്ത പ്രതിഷേധക്കാരായ ആം ആദ്മി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത

ന്യൂഡൽഹി: ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ, നടപടികൾ കർശനമാക്കി ഡൽഹി പോലീസ്. ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെടുത്തിയ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെയും പ്രവർത്തകരെയും പ്രതികളാക്കി ഡൽഹി പൊലീസ് കേസെടുത്തു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പരാതിയെ തുടർന്നാണ് കേസ്. പോലീസിനെയും ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്ത പ്രതിഷേധക്കാരായ ആം ആദ്മി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം ഡൽഹി സംസ്ഥാന കമ്മിറ്റി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്നലെ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി തയാറായിരുന്നില്ല. മാത്രമല്ല, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ന്യൂ ഫ്രണ്ട്സ് കോളനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനം. പൊതുവഴി കയ്യേറി, പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിൽ ഇന്നലെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

ഇവിടേക്ക് തെക്കൻ ഡൽഹിയിലെ മുൻസിപ്പൽ കോർപറേഷൻ അധികൃതർ ബുൾഡോസറുമായി എത്തിയതോടെ രാഷ്ട്രീയ പാർട്ടികളുടെ വലിയൊരു സംഘം ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധിച്ചു. പൊതുവഴി കയ്യേറിയുള്ള ഒഴിപ്പിക്കൽ നടപടികൾക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീർത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ താത്കാലികമായി നിർത്തിവച്ചു.

നടപടികള്‍ പൂർണ്ണമായി പാലിച്ചാണ് ഒഴിപ്പിക്കലിനെത്തിയതെന്നാണ് കോര്‍പറേഷന്റെ വാദം.  ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാംഗം അമാനത്തുള്ള ഖാനും പ്രതിഷേധത്തില്‍ പങ്കെടുത്തു. പൗരത്വനിയമ പ്രതിഷേധത്തിൽ ആക്രമണം നടത്തിയതിന്  അമാനത്തുള്ള ഖാന്റെ പേരിൽ കേസ് ഉണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ പത്ത് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഷഹീന്‍ ബാഗിലും ബുള്‍ഡോസറുകളെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button