തിരുവനന്തപുരം: പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം കുടുംബത്തിൽ പിറന്ന പെണ്ണായത് കൊണ്ട് ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഷിംന അസീസ് പറയുന്നു. ഇത്തരത്തിലുള്ള പണ്‌ഢിതരത്‌നങ്ങൾ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെയെന്നും, പിറകെ വരുന്നവർക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവുമെന്ന് വിശ്വസിക്കുന്നുവെന്നും ഷിംന അസീസ് പറഞ്ഞു.
Also Read:കുട്ടികള്‍ക്ക് തയ്യാറാക്കി നൽകാം റവ കാരറ്റ് കേസരി
‘സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഇഷ്‌ടം പോലെ സ്‌റ്റേജുകളിൽ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്‌ലിയാക്കൻമാരുള്ള സ്‌റ്റേജിലും മുസ്‌ലിയാക്കൻമാർക്കും കുടുംബങ്ങൾക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയിൽ വരുന്നതിനുൾപ്പെടെ പലയിടത്തും നല്ല എതിർപ്പുണ്ടായിരുന്നു. കൂട്ടത്തിൽ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ, മുസ്‌ലിം കുടുംബത്തിൽ പിറന്ന പെണ്ണായിപ്പോയി’, അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് സ്‌റ്റേജിൽ വെച്ച് ഉപഹാരം നൽകിയതിന് സ്‌റ്റേജിലുള്ളവരെ ‘തല മുതിർന്ന’ ഒരു മുസ്‌ലിയാർ ശാസിക്കുന്ന വീഡിയോ കണ്ടു. അതാണ് സമസ്‌തയുടെ നിയമമെന്നോ ഏതാണ്ടൊക്കെയോ അയാൾ വേദിയിൽ വച്ച് തന്നെ പുലമ്പുന്നുണ്ട്. പഠിച്ച് നേടിയതിന് ആദരിക്കപ്പെട്ട് അഭിമാനത്തോടെ നിൽക്കേണ്ട ആ നിമിഷത്തിൽ ആ പെൺകുട്ടിക്ക് എന്ത് മാത്രം അപമാനം തോന്നിക്കാണുമോ!
സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഇഷ്‌ടം പോലെ സ്‌റ്റേജുകളിൽ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്‌ലിയാക്കൻമാരുള്ള സ്‌റ്റേജിലും മുസ്‌ലിയാക്കൻമാർക്കും കുടുംബങ്ങൾക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയിൽ വരുന്നതിനുൾപ്പെടെ പലയിടത്തും നല്ല എതിർപ്പുണ്ടായിരുന്നു. കൂട്ടത്തിൽ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ, മുസ്‌ലിം കുടുംബത്തിൽ പിറന്ന പെണ്ണായിപ്പോയി.
ഇന്നും അനുഭവിക്കുന്നുണ്ട്, ഫൈറ്റ് ചെയ്‌ത് പിടിച്ചു നിൽക്കുന്നത് പിന്നാലെ വരുന്നവരെക്കൂടെ ഓർത്താണ്. എപ്പോഴും പറയാറുള്ളത് പോലെ, മുന്നേ നടക്കുന്നവർക്ക് ഏറ് കൊള്ളുമെങ്കിലും ക്രമേണ വഴി ക്ലിയറായിക്കോളും. പിറകെ വരുന്നവർക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവും.
2022ൽ എത്തിയിട്ടില്ലാത്ത ‘പണ്‌ഢിതരത്‌നങ്ങൾ’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ.
വഴി തെളിയട്ടെ !
– Dr. Shimna Azeez
Post Your Comments