ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് ഉറക്കത്തിന് വലിയ പങ്കുണ്ട്. ഭക്ഷണം പോലെ കൃത്യമായ ഉറക്കവും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ, പലരും ഉറക്കത്തിനു വലിയ പ്രാധാന്യം നൽകാറില്ല. ഇങ്ങനെ ഉറക്ക കുറവ് ഉണ്ടാകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ‘നേച്ചർ ഏജിങ്’ എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനം വ്യക്തമാക്കുന്നത്.
പകൽ മുഴുവനും പ്രവർത്തിക്കുന്ന തലച്ചോറിന് വിശ്രമം കിട്ടുന്നത് നാം ഉറങ്ങുമ്പോൾ മാത്രമാണ്. എന്നാൽ, ഉറക്കമില്ലായ്മ, ഉറക്ക പ്രശ്നങ്ങൾ, എന്നിവയെല്ലാം നമ്മെ പല രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. മുതിർന്ന ഒരാൾ രാത്രിയിൽ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഉറക്ക പ്രശ്നങ്ങൾ പ്രധാനമായും ബാധിക്കുന്നത് തലച്ചോറിലെ ഓർമ്മ സൂക്ഷിക്കുന്ന ഭാഗത്തെയാണ്. അതിനാൽ, മതിയായ ഉറക്കം കിട്ടാത്തത് ഓർമശക്തിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, ഭാവിയിൽ മറവി രോഗത്തിനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ, രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങേണ്ടത് അനിവാര്യമാണ്.
Post Your Comments