തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ-ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേഗത്തില്‍ വീടുകളിലേക്ക് എത്തിക്കാന്‍ തയ്യാറായി പിണറായി സർക്കാർ. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തിലെ 500 വീതം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സെക്കന്‍ഡില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ദിവസം ഒന്നര ജിബി ഡാറ്റയാണ് ഒരു വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുക.
ഇന്റര്‍നെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി ബജറ്റില്‍ പ്രഖ്യാപിച്ച പിന്നാലെയാണ് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെ-ഫോണ്‍ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, കെ-റെയിലിനൊപ്പം കെ-ഫോണ്‍ പ്രചാരണത്തില്‍ സജീവമാക്കും.
പദ്ധതിയുടെ ആദ്യഘട്ടം ഉടനെ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും കൈമാറും.
Post Your Comments