തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തുടങ്ങുന്ന, ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയിൽ വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ഒരു കുടക്കീഴിൽ ലഭിക്കും. മെയ് 15 ന് കനകക്കുന്നിലാണ് മേള തുടങ്ങുക. പൂർണ്ണമായും ശീതീകരിച്ച പവലിയനിൽ, പതിനഞ്ചോളം വകുപ്പുകളുടേതായി ഇരുപതോളം സേവന സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുക. മെയ് 22ന് മേള സമാപിക്കും.
സൗജന്യമായി ആധാർ കാർഡ് എടുക്കുന്നതിനും തെറ്റു തിരുത്തുന്നതിനും ഐ.ടി വകുപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആധാറിലെ മൊബൈൽ നമ്പർ പുതുക്കൽ, അഞ്ച് വയസിലും 15 വയസിലുമുള്ള നിർബന്ധിത ആധാർ പുതുക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഈ സ്റ്റാളിലുണ്ടാകും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കുന്ന സ്റ്റാളിൽ, രജിസ്‌ട്രേഷൻ പുതുക്കൽ, സീനിയോറിറ്റി പുനഃസ്ഥാപിക്കൽ, സ്വയം തൊഴിൽ, കരിയർ ഗൈഡൻസ്, വൊക്കേഷണൽ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങൾക്കും പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകൾ പ്രയോജനപ്പെടുത്താം.
യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്‌ട്രേഷൻ, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തൽ തുടങ്ങിയ, നിരവധി സേവനങ്ങൾ ആരോഗ്യ വകുപ്പിന്റെ സ്റ്റാൾ വഴി ലഭ്യമാക്കുന്നുണ്ട്.
രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് സ്റ്റാളുകളുടെ സേവനം ലഭ്യമാവുക. ഇതു കൂടാതെ, വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഉൾപ്പെടെ 250 ഓളം സ്റ്റാളുകളും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ അണിനിരക്കുന്നുണ്ട്.
Post Your Comments