Latest NewsKeralaNattuvarthaNews

കുട്ടികൾ വേണ്ട എന്നത് വരെ ഓപ്ഷൻ ആയിരിക്കട്ടെ, അമ്മമാർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണം എന്നത് മാറട്ടെ: നസീർ ഹുസൈൻ

കാലവും ദേശവും തെറ്റി ജനിച്ച ജീനിയസുകളാണ് നമ്മുടെ പല അമ്മമാരും

ലോക മാതൃ ദിനത്തിൽ ധാരാളം സന്ദേശങ്ങളും, അനുഭവങ്ങളും, ഓർമ്മകളും പലരും പങ്കുവക്കുക്കുമ്പോൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നസീർ ഹുസൈൻ. സ്ഥിരം അമ്മയെക്കുറിച്ചുള്ള പല്ലവികളിൽ നിന്നെല്ലാം വ്യത്യസ്തമായി കുറേക്കൂടി യാഥാർഥ്യ ബോധത്തോടെയുള്ള കാഴ്ചപ്പാടുകളാണ് നസീർ ഹുസൈൻ ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികൾ വേണ്ട എന്നത് വരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീയ്ക്ക് ഉണ്ടായിരിക്കണമെന്ന് നസീർ ഹുസൈൻ പറയുന്നു. അമ്മമാർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണം എന്നത് മാറട്ടെയെന്നും, സ്വയം ജീവിതം എങ്ങിനെ ആയിരിക്കണം എന്ന തിരഞ്ഞെടുപ്പ് സ്വയം നടത്താനുള്ള അവസരം എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.

Also Read:വെടിക്കെട്ടും പൂരവും കാണാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ

‘നമ്മുടെ അമ്മമാരെല്ലാം ഇതുപോലെയാണെന്നു എനിക്ക് തോന്നാറുണ്ട്. ഒരുപക്ഷെ ജീവിതത്തിൽ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നെകിൽ വലിയ എഴുത്തുകാരായി മാറുമായിരുന്നവർ, രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെ ആകുമായിരുന്നവർ, ശാസ്ത്ര പരിശീലനം ലഭിച്ചിരുന്നെങ്കിൽ വലിയ കണ്ടുപിടുത്തങ്ങൾ നടത്തുമായിരുന്നവർ. കാലവും ദേശവും തെറ്റി ജനിച്ച ജീനിയസുകളാണ് നമ്മുടെ പല അമ്മമാരും’, നസീർ ഹുസൈൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ ഉമ്മയെ കുറിച്ച് നാലാം ക്ലാസും ഗുസ്തിയും എന്നും പോലും പറയാൻ കഴിയില്ല, കാരണം ഉമ്മ ആദ്യമായി സ്കൂളിൽ പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാൻ വേണ്ടിയാണു. പക്ഷെ ഇത്ര പ്രായോഗിക ബുദ്ധിയുള്ള, സ്വന്തം കാര്യമോ സ്വന്തം കുട്ടികളുടെ കാര്യമോ വരുമ്പോൾ കാര്യങ്ങൾ നടത്തിക്കിട്ടാൻ ഇതുപോലെ സാമ ദാന ധർമ ഭേദ ദണ്ഡ മാർഗങ്ങൾ ഉപയോഗിക്കുന്ന വേറൊരാളെ ഞാൻ കണ്ടിട്ടില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ കേരളത്തിലെ പല രാഷ്ട്രീയക്കാർക്കും ഒരു വെല്ലുവിളിയാകുമായിരുന്ന മുതലാണ്.

ബാപ്പ വേറെ കല്യാണം കഴിച്ചു പോയപ്പോൾ കുട്ടികളെ ഉറക്കി കിടത്തി ഉറക്കം വരാതെ ഇരിക്കുന്ന സമയത്താണ് മലയാളം വായിക്കാൻ പഠിച്ചത്. മംഗളം മനോരമ തുടങ്ങിയ അന്നത്തെ “പൈങ്കിളി” മാസികകൾ അതിനു നന്നായി തന്നെ സഹായിച്ചിട്ടുണ്ട്. കുറേക്കഴിഞ്ഞു ഞങ്ങളുടെ വായനയിൽ അവസാനിച്ച കഥകളും കവിതകളും എഴുതാൻ തുടങ്ങി. അന്നൊക്കെ ഉമ്മയുടെ തലയിണയ്ക്ക് താഴെ ഒരു വെട്ടുകത്തി ഉണ്ടാകും. വേറെ ഭാര്യയുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിൽ സാധാരണ വരുന്ന ദിവസത്തിന് പകരം വേറൊരു രാത്രി വീട്ടിൽ വന്ന ബാപ്പ തന്നെ ഈ വെട്ടുകത്തിയിൽ നിന്ന് കഷ്‌ടിച്ചാണ് രക്ഷപെട്ടത്. ബാപ്പയുടെ വേറെ വിവാഹത്തെ കുറിച്ച് പള്ളികമ്മിറ്റിയിൽ പരാതി കൊടുക്കാനൊക്കെ എന്നെയും കൂട്ടിയാണ് ഉമ്മ പോയിരുന്നത്. ഇങ്ങിനെ ഒറ്റക്ക് ഒരു കുട്ടിയുമായി പള്ളിയിൽ കയറി വരുന്ന സ്ത്രീ പള്ളിക്കാർക്ക് ഒരു പുതുമയായിരുന്നു.

സ്വന്തമായി വരുമാനം കണ്ടെത്താൻ കോഴി വളർത്തലും മറ്റും കൊണ്ടുള്ള പണം തികയാതെ വന്നപ്പോൾ, എറണാകുളം മാർക്കറ്റിൽ നിന്ന് പഴയ വസ്ത്രങ്ങൾ വാങ്ങി അലക്കി തേച്ച്, അറിയാവുന്ന ചെറിയ തയ്യൽപണികൾ കൊണ്ട് മാറ്റങ്ങൾ വരുത്തി മറ്റുള്ളവർക്ക് വിറ്റു കുറച്ചു കൂടി പണവും കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. വെളുപ്പിന് നാലുമണിക്കുള്ള ബസിൽ പള്ളുരുത്തിയത്‌ നിന്ന് എന്നെയും കൂട്ടി എറണാകുളം മാർകെറ്റിൽ പോയി എന്റെ സ്കൂൾ സമയത്തിന് മുൻപ് വീട്ടിലേക്ക് വരുന്നത് പക്ഷെ നാട്ടുകാരുടെ കണ്ണിൽ വേറൊരു തരത്തിലാണ് കാണപ്പെട്ടത്. ചോദിച്ചാൽ തെറിക്കിട്ടുമെന്നു ഉറപ്പുള്ളത് കൊണ്ട് ആരും ചോദിക്കാതെ ഇരുന്നതായിരിക്കണം. സദാചാര മൈരുകൾക്ക് പാവപ്പെട്ടവരുടെ ജീവിതത്തിലേക്ക് ആണല്ലോ എന്നും എത്തിനോക്കാൻ എളുപ്പം, ആളുകൾ പട്ടിണിയാണോ അല്ലയോ എന്നത് സദാചാരം കഴിഞ്ഞു വരുന്ന വിഷയമാണല്ലോ.

ഞാൻ എട്ടിൽ പഠിക്കുമ്പോൾ കപ്പലണ്ടി കടയിൽ നിന്ന് വാങ്ങി വറുത്തു തന്നു ഉത്സവപ്പറമ്പിൽ വിൽക്കാൻ വിടാനൊക്കെ പ്രോത്സാഹിപ്പിച്ചതും ഉമ്മയാണ്. പത്ത് ദിവസം അങ്ങിനെ കപ്പലണ്ടി വിറ്റുകിട്ടിയ മുപ്പത്തിയഞ്ച് രൂപ കൊണ്ടാണ് പള്ളുരുത്തി ധനലക്ഷ്മി ബാങ്കിൽ എന്റെ ആദ്യ ബാങ്ക് അക്കൗണ്ട് തുറന്നത്. എംസിഎ എൻട്രൻസ് കിട്ടി തിരുവനന്തപുരത്തെ “മ്യൂസിയത്തിൽ” ഇന്റർവ്യൂവിനായി നിന്നു എട്ടര ആയിട്ടും ആരെയും കാണാതെ വന്നപ്പോൾ ഉമ്മയാണ്, ഒരു പക്ഷെ ഇന്റർവ്യൂ ഇവിടെയായിരിക്കില്ല എന്ന് പറഞ്ഞത്. “ഉമ്മയ്ക്ക്” ഇതിനെകുറിച്ച് എന്തറിയാം എന്ന പുച്ഛത്തോടെ ഞാൻ നിന്നപ്പോൾ ഉമ്മയാണ് ഒരു ഓട്ടോറിക്ഷക്കാരനോട് ഇതേപ്പറ്റി ചോദിച്ചതും സാധാരണ ഇത്തരം ഇന്റർവ്യൂകൾ തിരുവനന്തപുരത്തു തന്നെയുള്ള വേറൊരു മ്യൂസിയം ആയ “ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ” ആണെന്ന് ഓട്ടോക്കാരൻ പറഞ്ഞു അറിയുന്നതും, അതെ ഓട്ടോയിൽ ഒൻപത് മണിക് മുൻപ് എന്റെ പേര് വിളിക്കുന്നതിന്‌ മുൻപ് ഓടിയെത്തുന്നതും. പ്രായോഗിക ബുദ്ധിയിൽ ഇവരെ കഴിഞ്ഞേ വേറെ ആളുകൾ ഉള്ളൂ..

ജോലിസ്ഥലത്ത് വച്ച് ഗോമതിയെ പരിചയപെട്ടു കഴിഞ്ഞു അവൾ ആദ്യമായി എന്റെ വീട്ടിൽ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ നോൺ വെജ് പാചകം ചെയ്യുന്ന അടുപ്പിനു പകരം അടുത്തുള്ള വീട്ടിൽ നിന്ന് പത്രങ്ങൾ വാങ്ങി സാമ്പാറും ചോറുമൊക്കെ ഉണ്ടാക്കി ഗോമതിയെ സ്വീകരിച്ച ഉമ്മയെ എനിക്ക് നല്ല ഓർമ്മയുണ്ട്. ആദ്യമൊക്കെ ഗോമതിയെ ബ്രെയിൻ വാഷ് ചെയ്തു മതം മാറ്റാൻ ഒരു ശ്രമമൊക്കെ നടത്തി നോക്കിയെങ്കിലും എന്റെ എതിർപ്പിനു മുന്നിൽ പിന്നീട് ആ ആവശ്യം ഒരിക്കലും ഉന്നയിച്ചില്ല. ഒരുപക്ഷെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ഒരു ബഹുസ്വര സമൂഹത്തിൽ ജീവിച്ചതുകൊണ്ടായിരിക്കണം അത്തരം നിര്ബന്ധ ബുദ്ധികൾ ഇല്ലാതെ പോയത്. എന്റെ മൂത്ത മകന് നിതിൻ എന്ന പേരിട്ടതും ഉമ്മയാണ്.

നമ്മുടെ അമ്മമാരെല്ലാം ഇതുപോലെയാണെന്നു എനിക്ക് തോന്നാറുണ്ട്. ഒരുപക്ഷെ ജീവിതത്തിൽ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നെകിൽ വലിയ എഴുത്തുകാരായി മാറുമായിരുന്നവർ, രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെ ആകുമായിരുന്നവർ, ശാസ്ത്ര പരിശീലനം ലഭിച്ചിരുന്നെങ്കിൽ വലിയ കണ്ടുപിടുത്തങ്ങൾ നടത്തുമായിരുന്നവർ. കാലവും ദേശവും തെറ്റി ജനിച്ച ജീനിയസുകളാണ് നമ്മുടെ പല അമ്മമാരും.

നമ്മൾ കുട്ടികൾക്ക് വേണ്ടി ജീവിച്ചു ജീവിച്ച്, സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതെ പോയ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ഇനിയെങ്കിലും ഇപ്പോഴുള്ള തലമുറകളിലെ സ്ത്രീകൾ, അമ്മമാർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണം എന്ന ടാബൂ മാറ്റിവച്ച് സ്വന്തം ജീവിതം അതിന്റെ പൂർണ അർത്ഥത്തിൽ ജീവിച്ചു തീർക്കട്ടെ. കുട്ടികൾ വേണ്ട എന്നത് വരെ ഒരു ഓപ്ഷൻ ആയിരിക്കട്ടെ. സ്വയം ജീവിതം എങ്ങിനെ ആയിരിക്കണം എന്ന തിരഞ്ഞെടുപ്പ് സ്വയം നടത്താനുള്ള അവസരം എല്ലാവർക്കും ലഭിക്കട്ടെ.

താഴെ പറയുന്ന ഉദ്ധരണിയിൽ അടുക്കളയിൽ ജീവിച്ചു മരിച്ച സ്ത്രീകൾ എന്ന് കൂടി ഞാൻ ചേർക്കുന്നു.

“I am, somehow, less interested in the weight and convolutions of Einstein’s brain than in the near certainty that people of equal talent have lived and died in cotton fields and sweatshops.”

― Stephen Jay Gould, The Panda’s Thumb: More Reflections in Natural History

shortlink

Related Articles

Post Your Comments

Related Articles


Back to top button