തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്.
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
Post Your Comments