Latest NewsKeralaIndia

കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റു സംസ്ഥാനക്കാർക്ക് അർഹതയില്ല: സുപ്രീംകോടതി

കർണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മായിലിന്റെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

ന്യൂഡൽഹി: കേരളത്തിൽ മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക സ്വദേശി ബി. മുഹമ്മദ് ഇസ്മായിലിന്റെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

സംവരണം ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങൾ അനുസരിച്ചാണ് നിശ്ചയിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സിടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കണ്ണൂർ സർവ്വകലാശാലയിലെ ഐടി വിഭാഗത്തിലാണ് മുഹമ്മദ് ഇസ്മായിലിന് പ്രവേശനം ലഭിച്ചിരുന്നത്. എന്നാൽ, പരാതിയെത്തിയോടെ ഈ പ്രവേശനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

മുഹമ്മദ് ഇസ്മായിലിന്റെ പ്രവേശനം ചോദ്യം ചെയ്ത് പിന്നോക്ക റാങ്കുകാരുടെ പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ അബ്ദുൾ ഹലീം നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഒരു സംസ്ഥാനത്ത് എസ് സി, എസ് ടി, ഒബിസി വിഭാഗത്തിൽപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിയ്‌ക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ ആവശ്യപ്പെടാനാകില്ലെന്ന് അബ്ദുൾ ഹലീമിന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, 2018ലെ യുജിസി ചട്ടങ്ങൾ പ്രകാരം ദേശീയ അടിസ്ഥാനത്തിൽ നടത്തിയ ഇന്റർവ്യൂവിന്റെ പശ്ചാത്തലത്തിനാണ് മുഹമ്മദ് ഇസ്മായിലിന് പ്രവേശനം നൽകിയതെന്നാണ് സർവ്വകലാശാലയുടെ വാദം. മുസ്ലീം വിഭാഗം കേരളത്തിലും കർണാടകയിലും പിന്നോക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ, കർണാടക സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന് പിന്നോക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ലെന്നും സർവ്വകലാശാല സുപ്രീം കോടതിയിൽ വാദിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button