ഹൈദരാബാദ്: മിശ്രവിവാഹത്തിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ട ബില്ലാപുരം നാഗരാജുവിനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുള്ളവർ പറയുന്ന കാര്യങ്ങൾ കണ്ണീരണിയിക്കുന്നത്. മുസ്ലീം മതത്തിൽ നിന്ന് വന്ന ഭാര്യയെ സന്തോഷിപ്പിക്കാനായി, സ്വന്തം മാല വിറ്റ പണം കൊണ്ട് ഭാര്യയെ ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാൻ നാഗരാജു ആഗ്രഹിച്ചിരുന്നതായി ഇവർ പറയുന്നു. 25000 രൂപയ്ക്കാണ് നാഗരാജു സ്വന്തം കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാല വിറ്റത്. ഭാര്യയുമൊത്ത് ചാർമിനാറിൽ ഈദ് ഷോപ്പിങ്ങ് നടത്താനാണ് നാഗരാജു ആഗ്രഹിച്ചിരുന്നത്.
ഒരു കാർ ഷോറൂമിലാണ് ഇരുപത്തിയഞ്ചുകാരനായ നാഗരാജു ജോലി ചെയ്തിരുന്നത്. ‘ഈദ് ഷോപ്പിംഗിനായി ഭാര്യയെ ചാർമിനാറിലേക്ക് കൊണ്ടുപോകാൻ തന്റെ സ്വർണ്ണ മാല 25,000 രൂപയ്ക്ക് വിറ്റതായി അവൻ എന്നോട് പറഞ്ഞിരുന്നു. വളരെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു വ്യക്തിയായിരുന്നു അവൻ. സാധാരണ, വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അവൻ യൂണീഫോം മാറി സാധാരണ വസ്ത്രം ധരിക്കും. എന്നാൽ ബുധനാഴ്ച വൈകുന്നേരം, സമയം വൈകിയതിനാൽ അവൻ യൂണിഫോമിലാണ് പോയത്. ഭാര്യയെ അവന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വേണമായിരുന്നു ഷോപ്പിങ്ങിനു പോകാൻ’, നാഗരാജു ജോലി ചെയ്തിരുന്ന കാർ ഷോറൂമിലെ എച്ച് ആർ മാനേജറായ കെ സതീഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വർഷങ്ങളായി പ്രണയത്തിലായിരുന്ന സുൽത്താനയും നാഗരാജുവും ഈ ജനുവരിയിലാണ് വിവാഹിതരായത്. ഹൈദരാബാദിലെ ഒരു ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായത്. കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്തവിധം ഇവരുടെ സിം കാർഡുകളും മാറ്റിയിരുന്നു. സുൽത്താനയുടെ സഹോദരൻ സയ്യിദ് മൊബിൻ അഹമ്മദിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ഇവർ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ സരൂർനഗറിൽ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നാഗരാജു. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
നാഗരാജുവിന്റെ ഭാര്യ അഷ്‌റിൻ സുൽത്താന (പല്ലവി) ഓർക്കാനിഷ്ടപ്പെടാത്ത ആ നിമിഷങ്ങളും ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. തന്റെയും നാഗരാജുവിന്റെയും വിവാഹത്തിനു മുൻപ് സ്വന്തം സഹോദരൻ രണ്ടു തവണ തന്നെ കൊല്ലാൻ ശ്രമിച്ചതായും സുൽത്താന പറയുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തതായും സുൽത്താനയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന മറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതിന് സുൽത്താനയുടെ സഹോദരൻ എതിരായിരുന്നുവെന്നും അയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചതായും പോലീസ് പറഞ്ഞു. അക്രമികൾ നാഗരാജുവിനെ നിലത്തേക്ക് തള്ളിയിടുകയും ഇരുമ്പു വടി കൊണ്ട് മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ നാഗരാജു മരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments