ഡൽഹി: രാജ്യദ്രോഹനിയമത്തെ അനൂകൂലിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നും നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല കേന്ദ്രം വ്യക്തമാക്കി.
കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിൻ്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണെന്നും അതിനാൽ, വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദം എഴുതി നൽകി. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസിൽ വാദം കേൾക്കും.
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‘രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം, ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദ്ദേശം കൊണ്ടുവരണം,’ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ്, കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
Post Your Comments