KeralaCinemaMollywoodLatest NewsNewsEntertainment

‘ശക്തമായ വിഷയം സംസാരിക്കുന്ന വേദിയില്‍ ശരിയായി വസ്ത്രം ധരിക്കണം’: മംമ്തയുടെ വാക്കുകൾ റിമയ്ക്കുള്ള മറുപടിയോ?

കൊച്ചി: സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി നടി മംമ്ത മോഹൻദാസ്. ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളെന്താണ് എന്ന് നിശ്ചയിക്കുന്നതിൽ ധരിക്കുന്ന വേഷത്തിനും പങ്കുണ്ടെന്ന് നടി പറയുന്നു. ‘ജന ഗണ മന’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്എം യുഎഇക്ക് നൽകിയ അഭിമുഖത്തിലാണ് മംമ്തയുടെ പ്രതികരണം. ശക്തമായ സാമൂഹിക വിഷയത്തിലോ സ്വകാര്യമായ വിഷയത്തിലോ സംസാരം നടത്തുന്ന വേദിയില്‍ സ്ത്രീകൾ ശരിയായി വേഷം ധരിക്കേണ്ടതുണ്ടെന്ന് മംമ്ത പറയുന്നു. മംമ്‌തയുടെ ഈ വാക്കുകൾ വിവാദമായിരിക്കുകയാണ്.

‘ഒരു ശക്തമായ സാമൂഹിക വിഷയത്തിലോ സ്വകാര്യമായ വിഷയത്തിലോ സംസാരം നടത്തുന്ന വേദിയില്‍ സ്ത്രീകൾ ശരിയായി വേഷം ധരിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ ധരിച്ചിരിക്കുന്ന വേഷത്തിലേക്കല്ല ആളുകളുടെ ശ്രദ്ധ പോകേണ്ടത് നിങ്ങള്‍ പറയുന്ന വിഷയത്തിലേക്കാണ്. സ്ത്രീകള്‍ക്ക് ഒരു ഗ്രേസ് ഉണ്ട്. അത് മറന്ന് പോകരുത്. അത് വിട്ടാല്‍ സ്ത്രീകള്‍ പിന്നെ സ്ത്രീകള്‍ അല്ലാതായിപ്പോകും. ആ ഗ്രേസും മൃദുലതയുമെല്ലാം സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ എന്തും വിളിച്ച് പറയാമെന്നത് സ്ത്രീ എന്നുളള സൗന്ദര്യത്തെ നശിപ്പിക്കുന്നതാണ്’, മംമ്ത പറഞ്ഞു.

Also Read:ഇനി കേരളമാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഹബ്ബ്, അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് പരിശീലനം: വി അബ്ദുറഹ്മാൻ

അതേസമയം, പങ്കെടുക്കുന്ന വേദിക്ക് അനുസരിച്ചായിരിക്കണം വസ്ത്രം ധരിക്കേണ്ടതെന്ന നടിയുടെ പ്രസ്താവന ആരെയെങ്കിലും കൊള്ളിച്ച് സംസാരിച്ചതാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്. നടി റിമ കല്ലിങ്കലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണോ മംമ്തയുടെ പരാമർശമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ മാസം, റിമ കല്ലിങ്കലിന്റെ വസ്ത്ര ധാരണം ഏറെ ചാർച്ചയായിരുന്നു. മിനി സ്കർട്ടിട്ട് വന്ന റിമയ്ക്ക് നേരെ സൈബർ ആങ്ങളമാരുടെ ആക്രമണമായിരുന്നു. ഒരു വേദിയിൽ വരുമ്പോൾ അതിന്റേതായ രീതിയിൽ വസ്ത്രം ധരിച്ച് വരിക എന്നായിരുന്നു ഇക്കൂട്ടർ റിമയോട് ആവശ്യപ്പെട്ടത്. ഇതേ, വാക്കുകൾ തന്നെയാണ് ഇപ്പോൾ മംമ്തയും ഉന്നയിക്കുന്നത്. ഇതോടെയാണ്, മംമ്ത പറഞ്ഞത് റിമിയെ ലക്ഷ്യം വച്ചാണോ എന്ന കണ്ടെത്തലുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്.

കൂടാതെ, നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വയം ഇരയാകാൻ താല്പര്യമാണെന്നും നടി പറഞ്ഞു. സ്ത്രീകൾ എത്ര നാൾ അക്രമത്തിന്റെയും പീഡനത്തിന്റെയും ഇരയാണെന്ന് പറഞ്ഞ് കൊണ്ട് നടക്കുമെന്നും മംമ്ത ചോദിച്ചു.

Also Read:അസാമാന്യ കരുത്തിന്റെ പ്രതീകം : വ്യോമഭ്യാസം നടത്തുന്ന ചിനൂക് ഹെലികോപ്റ്റർ, ചിത്രങ്ങൾ കാണാം

‘എനിക്ക് പ്രിവലേജ് ഉണ്ടെന്നുളള പ്രതികരണങ്ങള്‍ ബാധിക്കാറില്ല. കാരണം പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് പരിഗണിക്കപ്പെടുന്നില്ലെന്നുളള ഒരു തോന്നല്‍ അവരെ കുറിച്ച് ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെയാണ് അവര്‍ അവരുടെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്. ഉളളവരെ ആക്രമിക്കുന്നതും ഇല്ലാത്തവരെ കൂട്ടമായി ചേര്‍ത്ത് പിടിക്കുന്നതുമൊക്കെ അതാണ്. അവരുടെ ദുരിതം തനിക്ക് മനസ്സിലാകുന്നുണ്ട്. താന്‍ ജനിച്ചത് സാമ്പത്തികമായി സുരക്ഷിതമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. കുടുംബമാണ് തന്റെ കരുത്ത്. അതില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്‍ തനിക്ക് സാധിക്കില്ലായിരുന്നു. ഞാൻ കടന്ന് പോയ പ്രതിസന്ധികളിലൊന്നും സ്വയം ഒരു ഇരയായി കാണിച്ചിട്ടില്ല. സ്വയം ഇരയായി കാണിക്കാന്‍ ഭയങ്കര താല്‍പര്യമുള്ളൊരു നാടാണ് നമ്മുടേത്. സ്വയം ഇരവത്ക്കരിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. എത്രകാലമാണ് സ്ത്രീകള്‍ ഒരേ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കുക? ഞാൻ അക്രമത്തിന്റെ ഇരയാണ്, പീഡനത്തിന്റെ ഇരയാണ്, പെണ്ണായത് കൊണ്ട് ലിംഗ വ്യത്യാസത്തിന്റെ ഇരയാണ് എന്നൊക്കെ എത്ര നാള്‍ പറയാനാകും? നിങ്ങള്‍ മുന്നോട്ട് കാല്‍വെക്കുകയാണ് വേണ്ടത്. മാതൃക സൃഷ്ടിച്ച് അഭിമാനത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഇന്ന് വീടുകളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് അനുഭവിക്കുന്നവരാണ്. റോളുകള്‍ തിരിഞ്ഞ് തുടങ്ങി. പെണ്‍കുട്ടികള്‍ അമിത ആത്മവിശ്വാസമുളളവരായി. 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുന്ന ശക്തിയാകുമോ എന്നതാണ് ചോദ്യം’, മംമ്ത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button