Article

വിനോദ സഞ്ചാരികള്‍ക്ക് വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിച്ച് ഗുജറാത്ത്

വ്യത്യസ്ത യാത്രാനുഭവങ്ങള്‍ സമ്മാനിച്ച് ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രാ കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. വ്യത്യസ്തതയുള്ള ഒരു കാഴ്ചയുടെ വലിയൊരു ശേഖരം തന്നെയാണ് ഗുജറാത്തിലുള്ളത്. യുണെസ്‌കോ സൈറ്റുകള്‍, മതപരമായ സ്ഥലങ്ങള്‍, ഏഷ്യാറ്റിക് സിംഹങ്ങളുള്ള വന്യജീവി സങ്കേതങ്ങള്‍, ജ്യോതിര്‍ലിംഗ, ചാര്‍ധാം ക്ഷേത്രങ്ങള്‍, മ്യൂസിയങ്ങള്‍, റാന്‍ ഓഫ് കച്ച്, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗാന്ധിയന്‍ പൈതൃക കേന്ദ്രങ്ങള്‍… ഇങ്ങനെ ഗുജറാത്തില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഇങ്ങനെ നിരന്ന് കിടക്കുകയാണ്.

വടക്ക്-പടിഞ്ഞാറ് പാകിസ്ഥാന്‍, തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് രാജസ്ഥാന്‍, തെക്ക് മഹാരാഷ്ട്ര, കിഴക്ക് മധ്യപ്രദേശ് എന്നിങ്ങനെയാണ് ഗുജറാത്തിന്റെ അതിര്‍ത്തികള്‍. വിസ്തീര്‍ണ്ണം അനുസരിച്ച് ഇന്ത്യയിലെ ഏഴാമത്തെ വലിയ സംസ്ഥാനമാണ് ഗുജറാത്ത്. യഥാര്‍ത്ഥ ഇന്ത്യയുടെ പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, വ്യത്യസ്ത സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മിശ്രിതമാണ് സംസ്ഥാനം.

ഒരിക്കലും തമ്മില്‍ ചേരാത്ത കുറേ കാര്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നിടം…ഗുജറാത്തിനെ വിശേഷിപ്പിക്കുവാന്‍ ഇതിലും നല്ലൊരു വിശേഷണമില്ല. കിലോമീറ്ററുകള്‍ നീളമുള്ള കടല്‍ത്തീരങ്ങളും പച്ചപ്പു നിറഞ്ഞ ഉള്‍വനങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായുള്ള തരുശുഭൂമികളും എല്ലാം ചേരുമ്പോള്‍ മാത്രമേ ഗുജറാത്തിന്റെ ഭൂമിശാസ്ത്രം പൂര്‍ണ്ണമാകുകയുള്ളൂ. രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ നിന്നും രക്ഷപ്പെടാനായി നിര്‍മ്മിച്ച പടവു കിണറും ഗുജറാത്തിന്റെ കലാവിദ്യകളെ കാണിക്കുന്ന അതിമനോഹരങ്ങളായ നിര്‍മ്മിതികളും ഒക്കെ ഈ നാടിന്റെ കലാപാരമ്പര്യത്തെയും നിര്‍മ്മാണ രീതികളെയുമാണ് കാണിക്കുന്നത്.

അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള ഗുജറാത്തിലെ സംസ്‌കാരത്തിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന കുറച്ചിടങ്ങള്‍ പരിചയപ്പെടാം….

ഗീര്‍ വനം

ഗുജറാത്ത് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ഗീര്‍ വനങ്ങളെയാണ് ഓര്‍മ്മ വരിക. സിംഹങ്ങളെ കാണുവാന്‍ സാധിക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നായാണ് ഗീര്‍ വനം അറിയപ്പെടുന്നത്. ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇവിടെ, സന്ദര്‍ശകരോട് ഇണങ്ങുന്ന സിംഹങ്ങളാണുള്ളത്. കാടിനുള്ളിലൂടെയുള്ള സഫാരിയും സിംഹങ്ങളുടെ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകതകള്‍.

പടവ് കിണര്‍

മഴവെള്ളം ക്ഷാമകാലത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു ഇവിടെ. ഇത്തരത്തില്‍ വെള്ളം കാലങ്ങളോളം സൂക്ഷിക്കാനായി ഇവര്‍ കണ്ടെത്തിയ വിദ്യയാണ് പടവു കിണറുകള്‍. ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്ന പടവു കിണറുകളില്‍ നിന്നും വ്യത്യസ്തമായി വളരെ അലങ്കരിക്കപ്പെട്ട രീതിയിലാണ് ഇവിടെ പടവ് കിണറുകളുള്ളത്.

15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അഡലാജ് നി വാവ് ആണ് ഗുജറാത്തിന്റെ മുഖമുദ്രകളിലൊന്ന്. ഗുജറാത്തിലെ കലയുടെ അടയാളങ്ങള്‍ ഇതിന്റെ ഏരോ കോണുകളിലും ചിത്രങ്ങളായും കൊത്തുപണികളായും ഒക്കെ കാണുവാന്‍ സാധിക്കും.

ഇന്ത്യയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക നഗരങ്ങളില്‍ ഗുജറാത്തിനെ മാറ്റി നിര്‍ത്താനാകില്ല. അഹമ്മദാബാദിന്റെ സ്ഥാപകനായ സുല്‍ത്താന്‍ അഹമ്മദ് ഷാ പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജുമാ മസ്ജിദും നഗരത്തിലെ പ്രശസ്തമായ ജൈന ക്ഷേത്രങ്ങളും ശ്രീ സ്വാമി നാരായണ ക്ഷേത്രവും ഒക്കെ ഇവിടെ എത്തുന്നവര്‍ കണ്ടിരിക്കേണ്ട ഇടങ്ങളാണ്.

സ്റ്റാച്യു ഓഫ് യൂണിറ്റി

ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യന്‍’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ചിരിക്കുന്ന പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമ. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം 4 മടങ്ങ് ഉയരമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. 597 അടിയാണ് ഈ ഭീമാകാരമായ പ്രതിമയുടെ ഉയരം.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിലാണ് 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയര്‍ന്ന ഏകതാ പ്രതിമ

പ്രതിമയുടെ സവിശേഷതകള്‍

സോണ്‍ 1: പ്രതിമയുടെ ആദ്യ നിലയാണിത്. ഇതില്‍ മെസാനൈന്‍ ഫ്ളോര്‍, എക്സിബിറ്റ് ഫ്ളോര്‍, മേല്‍ക്കൂര എന്നിവ ഉള്‍പ്പെടുന്നു. ഒരു സ്മാരക പൂന്തോട്ടവും മ്യൂസിയവും ഇവിടെയുണ്ട്.

സോണ്‍ 2: നിലം മുതല്‍ പകുതി വരെയുള്ള പ്രതിമയുടെ ഭാഗമാണിത്.

സോണ്‍ 3: ഇതാണ് പ്രധാനഭാഗം. ഇവിടെയുള്ള കാഴ്ച ഗാലറിയില്‍ നിന്ന് പ്രതിമയും ചുറ്റുമുള്ള പ്രദേശമാകെ വീക്ഷിക്കാം.

സോണ്‍ 4: പ്രതിമയുടെ ഈ ഭാഗം കഴുത്ത് മുതല്‍ തല വരെയുള്ള ഭാഗമാണ്.

വൈകുന്നേരം, എല്ലാ ദിവസവും മുപ്പതു മിനിറ്റ് ലേസര്‍ ഷോ ഉണ്ടാകും

രാത്രി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സമുച്ചയത്തിനുള്ളില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലും പ്രവര്‍ത്തിക്കുന്നു.

17 ഏക്കര്‍ വിസ്തൃതിയില്‍ ‘ഏകതാപ്രതിമ’യ്ക്കു സമീപത്തായി വ്യാപിച്ചു കിടക്കുന്ന ആരോഗ്യ വനപദ്ധതിയാണ് പ്രധാന ആകര്‍ഷണം. ഗുജറാത്ത് വനം വകുപ്പിന്റെ കീഴില്‍ നിര്‍മിച്ച ആരോഗ്യവനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്. 2018ലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31നാണു പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

ഷോപ്പിംഗ് വിസ്മയം

ഷോപ്പിംഗിന് പറ്റിയ ഇടമാണ് ഗുജറാത്ത്. വസ്ത്രങ്ങളാണ് ഇവിടുത്തെ മാര്‍ക്കറ്റുകളിലെ പ്രധാന താരം. ഗുജറാത്തിലെ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി ലോകപ്രസിദ്ധമാണ്. വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇവിടെ പ്രശസ്തമായ ഇടം അഹമമ്ദാബാദിലെ ലോ ഗാര്‍ഡന്‍ സ്ട്രീറ്റാണ്. എത്ര കുറഞ്ഞ തുകയ്ക്കും ഇവിടെ നിന്നും ഷോപ്പിങ്ങ് നടത്താം.

വളരെ കുറച്ച് മ്യൂസിയങ്ങളുള്ള ഒരു നാടാണ് ഗുജറാത്ത്. ഉള്ളവയില്‍ തന്നെ ഏറ്റവും കൂടുതല്‍ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളാണ് എന്നുള്ളതാണ് സത്യം. അഹമ്മദാബാദിലെ കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റയില്‍സ് ആണ് ഇതില്‍ പ്രധാനം. അഞ്ഞൂറു വര്‍ഷം പഴക്കമുള്ള തുണികളുടെ ശേഖരങ്ങള്‍ ഇവിടെയുണ്ട്. രാജ്‌കോട്ടിലെ വാട്‌സണ്‍ മ്യൂസിയം. ജുനാഗഡിലെ ദര്‍ബാര്‍ ഹാള്‍ മ്യൂസിയം തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

 

shortlink

Related Articles

Post Your Comments


Back to top button