കോപ്പന്‍ ഹേഗന്‍: വിദേശ കമ്പനികളെ രാജ്യത്തേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിദേശ സന്ദര്‍ശനത്തിലൂടെ, രാജ്യത്തെ നിക്ഷേപ സാദ്ധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇന്ത്യയെ, നിക്ഷേപത്തിന്റെ ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിയാണ് പ്രധാനമന്ത്രി ഡെന്‍മാര്‍ക്കില്‍ സംസാരിച്ചത്. ഇന്ത്യയില്‍ നിക്ഷേപം നടത്താത്തവര്‍ക്ക് വലിയ നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോപ്പന്‍ ഹേഗനില്‍ സംഘടിപ്പിച്ച ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാനിഷ് കമ്പനികള്‍ക്കും ഡാനിഷ് പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ഹരിത വ്യവസായങ്ങളിലും ധാരാളം നിക്ഷേപ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ബിസിനസ് ഫോറത്തില്‍ അറിയിച്ചു. 200ല്‍ അധികം ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍, ഡെന്‍മാര്‍ക്ക് കിരീടാവകാശി എന്നിവര്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യകള്‍, ശീതീകരണ ശൃംഖലകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, ഷിപ്പിംഗ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡാനിഷ് കമ്പനികളോട് പറഞ്ഞു. ഇതിനായി അദ്ദേഹം കമ്പനികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
Post Your Comments