കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കുനാല്‍ ഘോഷ്, അപരൂപ പോദ്ദാര്‍ എന്നിവരാണ് അഭിഷേക് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 2036 ല്‍ അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞിരുന്നത്.
ഇക്കാര്യം കുനാല്‍ ഘോഷ് ട്വിറ്ററില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പോദ്ദറും സമാന പരാമര്‍ശവുമായി രംഗത്തെത്തിയത്. 2024 ല്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്നും 2024ല്‍ അഭിഷേക് ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നും ആണ് അപരൂപ പൊദ്ദാര്‍ ട്വീറ്റ് ചെയ്തതത്. എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ അപരൂപ പോദ്ദാര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
‘2024 ല്‍ ആര്‍ എസ് എസ് തിരഞ്ഞെടുത്ത രാഷ്ട്രപതിയ്ക്ക് മുന്‍പാകെ മമത ബാനര്‍ജി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകും’ എന്നായിരുന്നു അപരൂപ പോദ്ദാര്‍ ട്വീറ്റ് ചെയ്തത്. നേരത്തെ, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണയും വിജയിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് 2036 ല്‍ അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞത്.
Post Your Comments