കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ പരാതി നൽകിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹെയർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ആരോപണം നിഷേധിച്ച് മലയാളിയായ സി വി ആനന്ദബോസ് രംഗത്തെത്തി. തനിക്കെതിരായ പരാതി വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം സത്യം വിജയിക്കുമെന്ന് പറഞ്ഞു. പ്രചാരണം നടത്തുന്നവർ തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരാണ്. ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടം തടയാൻ അവർക്ക് കഴിയില്ലെന്നും ഗവർണർ പറഞ്ഞു.
അതേസമയം, ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിൽ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് മൂന്ന് പൊതുയോഗങ്ങളിൽ പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയർന്ന ആരോപണം ബിജെപിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ ഇര വ്യക്തമാക്കുന്നത്. പരാതിയിൽ പൊലീസ് ഇതുവരെ എഫ്ഐആർ എടുത്തിട്ടില്ല. അനുഛേദം 361 പ്രകാരം ഗവർണർക്ക് ഭരണ ഘടന പരിരക്ഷ ഉള്ളതിനാൽ വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി എന്നാണ് വിവരം. അതേസമയം ബംഗാൾ പൊലീസിന് രാജ്ഭവനിലേക്കുള്ള പ്രവേശനം ഗവർണർ വിലക്കി.
Post Your Comments