തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി ഏവരും ഇന്ന് കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പുണ്യ ദിനത്തില്‍ എല്ലാ വിശ്വാസികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാൾ ആശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചത്.
സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാട് ഒരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം’ അദ്ദേഹം പറഞ്ഞു.
Post Your Comments