താമരക്കാലൻ കൊഞ്ചുകൾ……
മീൻ കഥകളിൽ അടുത്തത് എന്നാ ?
ഓ അതിപ്പോ ?
ഏത് മീനാന്നേ ‘
.. എന്നാപ്പിന്നെ കൊഞ്ച് ആയാലോ ? എങ്ങനേണ്ട്
സൂപ്പറല്ലിയോ .. നല്ല കിടുക്കാച്ചി ഐറ്റ മാന്നേ കൊഞ്ച്….
കായലിലും ആറ്റിലും തോട്ടിലും ആണ് കൊഞ്ച് ഉള്ളത്. ആശാൻ ഒരു ശുദ്ധജല മൽസ്യമാന്നേ…ആശാൻ എന്ന് പറഞ്ഞാ പൊളിറ്റിക്കൽ കറക്റ്റ്നെസ് കുറഞ്ഞോ എന്തോ ? മീനുകളിലാന്നേലും ലിംഗഭേദമുണ്ടല്ലോ
read also:തന്റെ മകളെ യുവാവ് ലൗ ജിഹാദിന് ഇരയാക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
ഒറ്റനോട്ടത്തിലെന്നാ ലുക്കാണോ കൊഞ്ചിന് .. ഒരു മാതിരി ജെ സി ബി കണക്കല്ലിയോ നെടുനീളൻ കയ്യുമായി നീന്തി നടക്കുന്ന കൊഞ്ച് .. നിറയെ മീശകളുമുണ്ടേ ആൾക്ക്.. അതു തന്നെ ഭയങ്കര രസാ .പിന്നെ കാലുകളുടെ കാര്യമാന്നേ പറയാനുണ്ടോ? നല്ല കളർഫുൾ ആയി… രണ്ട് കാലുകൾ ‘കളർഫുൾ മാത്രമല്ലാന്നേ പവർഫുള്ളുമാ’ .ഒരൊറ്റ ഞറുക്കങ്ങ് വച്ച് തന്നേച്ചാലുണ്ടല്ലോ കിറുങ്ങിപ്പോകുമെന്നേ യേത്…? പിടിക്കാൻ ചെല്ലുന്നവനേ….
യഥാർത്ഥത്തിൽ ഈ കാലുകളും മീശകളുമാന്നേ പുള്ളിക്കാരനെ അങ്ങ് സൂപ്പർ സ്റ്റാറാക്കുന്നേ അതേന്നേ …
നല്ല ഡിമാൻ്റുള്ള മീനാന്നേ കൊഞ്ച് . എന്നാ വിലയാന്നറിയോ …
നല്ല വിലയും… സാധാരണക്കാരു താങ്ങുകേലന്നേ.. അതു പിന്നെ എങ്ങനാ
എക്സ്പർട്ട് ക്വാളിറ്റി യെന്നും പറഞ്ഞല്ലിയോ അങ്ങ് കച്ചോടാക്കി.കയറ്റി വിടുന്നേ ആ .. കയറ്റുമതീടെ കാര്യം പറഞപ്പഴാ ഓർത്തേ… കൊഞ്ച് കയറ്റി വിടുന്നേനു മുന്നേ അതിനെ ഫാക്ടറീലിട്ട് സംസ്കരിച്ചെടുക്കും… ആ വകയിലാന്നേ ലാഭാന്നേ
എന്നതാ കാര്യം.-.?
തലയും കാലുകളും അവര് എടുക്കുകേലാന്നേ… അത് തിരിച്ചു തരും. അതാകട്ടേ ഒരു കറിക്കുള്ള വകയാന്നേ പിന്നല്ലാതെ, തലേടെ തോടു പൊളിച്ച് വൃത്തിയാക്കി അല്ലേൽ കാലിൻ്റെ കട്ടിത്തോട് ‘പൊട്ടിച്ചെടുത്തിട്ട് അതിലെ മാംസം’ എടുത്തിട്ട് വറക്കുകയോ കറി വെക്കുകയോ ചെയ്യാന്നേ…. വറക്കുവാന്നേ നല്ലമൊരുമൊരാന്ന് ഇരിക്കും.. പിന്നെ കറിയാ ന്നേൽ തേങ്ങാക്കൊത്ത് മസ്റ്റാ…. ഇച്ചിരെ എരിവിൻ്റെ കൂടങ്ങ് തേങ്ങാക്കൊത്തിൻ്റെ മധുരം കൂടി ച്ചെന്നാലുണ്ടല്ലോ എൻ്റെ സാറേ പിന്നൊന്നും കാണൂല ,കറിയല്ലാണ്ട് ..
അതാന്നേ സാധനം
നന്മുടെ കൊഞ്ചേ…
കൊഞ്ചിനെ യെങ്ങനാന്നേ പിടിക്കുന്നേ ?
അതിന് പല വഴികളില്ലിയോ …..! പിന്നെ ആദ്യമേ പറഞ്ഞേക്കാമേ
ഈ സാധനത്തിനെ ചുണ്ടേല് കിട്ടൂലാട്ടോ…. ആള് വേന്ദ്രനാ
ഒരു മാതിരിപ്പെട്ട ചൂണ്ട കണ്ടേച്ചാലും പുള്ളി മൈൻഡ് ചെയ്യത്തില്ലാന്നേ… മൈൻഡ് ചെയ്തിട്ടെന്തോന്നിനാ ….. ചുമ്മാ വെട്ടി വിഴുങ്ങാനൊന്നും പറ്റുകേലാന്നേ …
ഇച്ചിരെ നേരം വേണേലൊന്ന് ചൂണ്ടക്കൊളുത്തേ നക്കിയേച്ചും പോയേക്കാം. അത്ര തന്നെ…
ചുണ്ടയിൽ കയറുന്ന മീനൊന്നുമല്ലാന്നേ നമ്മുടെ കൊഞ്ച്…
അയാളെ കിട്ടണെ ഒരൊന്നൊന്നര പണി യെടുക്കണമെന്നേ..
കായലിലിലാന്നേൽ നല്ല കിടിലൻ വീശു വല വീശണം.” അതും ചെറിയ കണ്ണി ഉള്ളതല്ലാന്നേ നല്ല വലുവല്യപ്പൻ കണ്ണികൾ ഉള്ള ,കനമുള്ള മണികൾ ഉള്ള വല തന്നെ വേണം ഇല്ലേച്ചാല് കൊഞ്ച് വഴുതിയിറങ്ങി അങ്ങ് പോയേക്കുമെന്നേ .. എന്നിട്ടെന്നാ
പുള്ളി വേണേ സുരക്ഷിതനായി ഇരുന്ന് റ്റാ റ്റാ തന്നേയ്ക്കും നമ്മുടെ വലക്കാരന്…
പക്ഷേ വലക്കാരനാരാ മോൻ. .നല്ല മുന്തിയ വലയേ എടുത്ത് വീശത്തുള്ളേ… ചുമ്മാ ഒന്നും വീശുകേലാന്നേ..
കൊഞ്ചിനെ കിട്ടാൻ തന്നെ വീശു.. അതും കൊഞ്ച് കൃത്യമായി ഉള്ള ഇടത്തു തന്നേ വീശൂ…
കൊഞ്ചിനെ എങ്ങനാ വീശുന്നിടത്തു നിർത്തുന്നേ..
ആ……
അതിനൊക്കെ വഴിയുണ്ടന്നേ..
അതിന് ആണ് തട ഇടൽ നടത്തുന്നേ
വാഴത്തട അത്യാവശ്യം നീളത്തീ മുറിച്ചിട്ട്.. അതിൽ നടുവിലായി ചരട് കെട്ടും .. നീളൻ ചരടിൻ്റെ തുമ്പിൻ മേല് വാട്ടിയ കപ്പക്കിഴങ്ങോ മൈദാ ഉരുളയോ ചേർത്തു കെട്ടുo .. അത്തരം തടകൾ പലതു തയ്യാറാക്കി നിശ്ചിത അകലത്തിൽ കായലിലോ ആറ്റിലോ നിക്ഷേപിക്കുന്നു ..
അതിനു ശേഷം എന്നാ
അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് വീശു വലയുമായി വന്നാ മതി… ചില പൊങ്ങുകൾ കിടന്ന് വെള്ളത്തിൻമേല് തുള്ളിക്കളിക്കുന്നത് കാണാം.. അതിലുണ്ട് കൊഞ്ച്
ഉറപ്പാണേ
തീറ്റയിൻമേൽ കൊഞ്ചുകൾ നക്കി നക്കി തിന്നുമ്പോഴാണ് പൊങ്ങ് അനങ്ങുന്നതും തുള്ളിക്കളിക്കുന്നതും.. നല്ല മിടുക്കൻ വീശു വലക്കാരനാന്നേൽ അന്ന് ചാകരയാ… കൂടെ നിറയെ കൊഞ്ച് കേറുമെന്നേ
ആറ്റിലാണേൽ കൊഞ്ചിനെ പിടിക്കുന്നത് പൊങ്ങിട്ട് അല്ലാ.. പകരം എന്തോന്ന
അതിനാണ് കപ്പ പ്പൊടി ഉപയോഗിയ്ക്കുന്നേ…..നല്ല മൂത്ത് പാകം വന്ന പച്ചക്കപ്പയെടുത്തേക്ക് തൊലി കളഞ്ഞ് കഴുകി ചെളി കളഞ്ഞേച്ച്, ഉരപ്പു പാത്രത്തിലിട്ട് നല്ല ചൊവ്വനേ ഉരച്ചുരച്ച് നൈസ് പൊടിയാക്കീട്ട്…. ലേശം കടലപ്പിണ്ണാക്കും കൂട്ടിക്കുഴച്ച് ഒരു പന്തിൻ്റെ രൂപത്തിലാക്കി പാത്രത്തിൽ വെക്കാന്നേ. പിന്നെ എന്നാ
അത് ഓരോന്നും നിശ്ചിത അകലമിട്ട് ആറ്റിലേക്കങ് എറിയുമെന്നേ.
പിന്നെ മുന്നത്തെപ്പോലെ തന്നെ .. അര / ഒരു മണിക്കൂർ കഴിഞ്ഞിട്ട് വിശു വലയുമായി വന്നേച്ചാ മതി… വല നിറയെ കൊഞ്ച് കയറുമെന്നേ..
ആ …. പിന്നേ
കൂട്ടത്തീ നിറയെ ചെമ്മീൻസും കയറുമെന്നേ…
ആ .ഇരിക്കട്ട്….
വല വീശിയല്ല തെ കൊഞ്ചിനെ പിടിക്കാം പറ്റോ ?
പറ്റുമെന്നേ….
അതിനല്ലിയോ നമ്മുടെ ഒറ്റാലിരിക്കുന്നേ .. ആന്നേ
ഒറ്റാല് തന്നെ പാടത്തും പണയിലും മീമ്പിടിക്കുന്ന ആ സാധനം തന്നേ…
കണ്ടാലേ എന്നാ ഗ്ലാമറാന്നറിയോ ഏകദേശം മീനുള്ള ഭാഗം നോക്കി വെച്ച് ഒറ്റാലൊരു കുത്താ … അതിനകത്തു പെട്ടാ പിന്നെ മീന് രക്ഷപെടാനൊക്കുകേലാ.. പതിയെ കയ് ഇട്ട് മീനെ ചേറ്റീന്നു പെറുക്കി യെടുത്തേച്ചാ മതീന്നേ. .. നല്ല രസമുള്ള പരിപാടിയാ .ഒറ്റാലിറക്കിയാ മീനുറപ്പാ …. അതിപ്പോ കൊഞ്ച് മാത്രമാകണമെന്നില്ലാന്നേ….. ചിലപ്പോ വരാലായേക്കും… ചിലപ്പോ പിന്നെ ചേറ്റുമീനുമാകാം ….. …….
ഇതു കൂടാതെങ്ങനാ കൊഞ്ചിനെ പിടിക്കുന്നേ ? അത് പിന്നെ കുത്തിപ്പിടിക്കാം .. അതേന്നേ നല്ല കമ്പിക്ക് കുത്തിയെടുക്കാം.. അതിന് ഒറ്റക്കമ്പി എടുക്കാം അല്ലേ മുപ്പല്ലി എടുക്കാം … നമ്മുടെ ശിവൻ്റെ കയ്യിലിരിക്കുന്ന കണ്ടില്ലേ .. ത്രിശൂലം അതിൻ്റെ ഒരു നാടൻ പതിപ്പാന്നേ മുപ്പല്ലി.. പുഴയുടെ അടിത്തട്ടിലും കൽക്കെട്ടിൻ്റെ പൊത്തിലും ഇരിക്കുന്ന കൊഞ്ചിൻ്റെ തലയിലാന്നേ കുത്തിയെടുക്കുന്നേ. കുട്ടനാടൻ പ്രദേശങ്ങളി ഇത്തരം കുത്തിപ്പിടുത്തക്കാർ ധാരാളമുണ്ട്…..
അതിലൊരു രസമുള്ള കാര്യമുണ്ടേ…. ……………….എന്നാന്നു വെച്ചാല് ലൈൻ കമ്പി വലിച്ചു കെട്ടിയേക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ബലം കൊടുക്കാനായി സ്റ്റേ കമ്പികൾ വലിച്ചു കെട്ടാറുണ്ട്… ചില മിടുക്കൻമാർ ഈ സ്റ്റേ കമ്പി മുറിച്ചെടുത്താണ് മീൻ കുത്തിനുള്ള കമ്പി ഒപ്പിച്ചെടുത്തിരുന്നത് … അത് പിന്നെ പണ്ട് … ട്രാൻസ്ഫോർമറിലെ ഓയിൽ ഊറ്റിയെടുത്ത് കൊട്ടൻ ചുക്കാദി തൈലാമാന്നു പറഞ്ഞ് വിറ്റ ടീമുകൾ ഉള്ള നാടുകൂടിയാന്നേ കുട്ടനാട് ……
കൊഞ്ചിനെ കിട്ടിയാ പിന്നെ കറി വെക്കാം … വറുക്കാം.. …. തേങ്ങാക്കൊത്തിട്ട് മുളക് അരച്ച് അങ്ങോട്ട് കറി വെച്ചാലൊണ്ടല്ലോ സംഭവം സൂപ്പ റാന്നേ കൊഞ്ച് ഫ്രൈ അതിനേക്കാ ബെസ്റ്റാന്നേ ….. നല്ല കരുമൊരാന്നിരിക്കും…. ചുമ്മാ ചുമ്മാ തിന്നോണ്ടിരിക്കാന്നേ. പെട്ടക്കാലൻ കൊഞ്ചും താമരക്കാലൻ കൊഞ്ചും തളപ്പൻ കൊഞ്ചും അങ്ങനെ രുചിയുടെ വിസ്മയങ്ങൾ തീർക്കും…
വ്യാവസായികാടിസ്ഥാനത്തിൽ മീൻ കർഷകർ കൊഞ്ചും ചെമ്മീനും കൃഷി ചെയ്യുന്നുണ്ട് .ലാഭം നേടുന്നുണ്ട്…. നമുക്കെന്നായാലും ആറ്റുകൊഞ്ചു തന്നെയാ പ്രിയം… ആറ്റിലെ കൊഞ്ചിൻ്റെ ടേസ്റ്റ് ഒന്നു വേറേ തന്നെയാ….
Post Your Comments