Latest NewsKeralaIndia

അധികാര ദുർവിനിയോഗം, അഴിമതി: സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം

അധികാര ദുര്‍വിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും ഒട്ടേറെ പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡി.ജി.പി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് സ്വർണ്ണം വാങ്ങിയിട്ട് പണം നല്‍കിയില്ലെന്നും, ഗതാഗത കമ്മീഷണറായിരിക്കെ വന്‍തുക കൈക്കൂലി വാങ്ങിയെന്നതും ഉള്‍പ്പെടെ ഒട്ടേറെ പരാതികളാണ് ആഭ്യന്തര സെക്രട്ടറിക്ക് ഇയാളുടെ പേരിൽ ലഭിച്ചിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയില്‍ മേധാവി സ്ഥാനത്തേക്ക് മാറ്റിയത് ഒരാഴ്ച മുന്‍പാണ്. സുദേഷിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുന്നതിന്റെ മുന്നോടിയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുര്‍വിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും ഒട്ടേറെ പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

2016 ഒക്ടോബര്‍ 28ന് സുദേഷ് കുടുംബസമേതം ചൈന സന്ദര്‍ശിച്ചു. യാത്രാ ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്പോണ്‍സര്‍ ചെയ്തത് ഖത്തറിലെ വ്യവസായിയായ കോഴിക്കോടുകാരനായിരുന്നു. മറ്റ് വിലപിടിച്ച പാരിതോഷികങ്ങളും ഈ വ്യവസായിയില്‍ നിന്ന് വാങ്ങി. ബിസിനസുകാരുടെ കയ്യില്‍ നിന്ന് പണം വാങ്ങി സര്‍ക്കാര്‍ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഗതാഗത കമ്മീഷണറായിരിക്കെ, നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാര്‍ വഴി ലക്ഷങ്ങള്‍ കോഴവാങ്ങി. വിദേശത്തുള്ള മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇങ്ങനെ നിരവധി പരാതികളാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതോടെയാണ്, ആഭ്യന്തര വകുപ്പ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button