തിരുവനന്തപുരം: മെയ്ദിന സന്ദേശം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. മെയ് 1 ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാകെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്ദിനാചരണത്തിലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്തസാക്ഷിത്വവുമൊക്കെ ഉജ്വല ഓർമകളാണ്. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: പി.സി ജോര്‍ജിനെ ചങ്ങലക്കിടണം, ഷോണ്‍ ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്
വരാനിരിക്കുന്നത് വലിയ പോരാട്ടങ്ങളുടെ നാളുകൾ ആണെന്നത് തീർച്ചയാണ്. എന്നാൽ കർഷക പ്രക്ഷോഭം പോലുള്ളവ ഏറെ പ്രതീക്ഷകൾ നൽകുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട നിയമനിർമാണങ്ങളിൽ ഒന്നാണ് തൊഴിൽ മേഖലയിൽ പുതുതായി വന്നിട്ടുള്ള ലേബർ കോഡുകൾ. ഈ ലേബർ കോഡുകളിൽ വിവിധതരത്തിലുള്ള ആശങ്കകൾ ഉണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ലേബർ കോഡുകൾ ഏതുരീതിയിൽ തൊഴിൽമേഖലയെ ബാധിക്കും എന്നതിനെ സംബന്ധിച്ച് സമഗ്രമായ ചർച്ചയും വിശകലനവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോകൂവെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിൽക്കാനുള്ള പ്രവർത്തനങ്ങൾ ആണ് ഈ സർക്കാർ നടത്തിവരുന്നത്. തൊഴിലാളികളെ മോശമായി ചിത്രീകരിക്കാനും പൊതുജനമധ്യത്തിൽ അവഹേളിക്കാനും ഒരു സംഘം ആളുകൾ എപ്പോഴും ഉണ്ടെന്ന് നാം കാണാതിരുന്നുകൂടാ. ആ ജാഗ്രത എല്ലായിപ്പോഴും തൊഴിലാളികൾക്ക് ഉണ്ടാവണമെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. എല്ലാവർക്കും അദ്ദേഹം മെയ്ദിന ആശംസകൾ നേരുകയും ചെയ്തു.
Read Also: ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്നുമായി എതിരാളികൾ
Post Your Comments