അമ്പലപ്പുഴ: നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്ക്. അപകടത്തെത്തുടർന്ന്, എട്ടു വൈദ്യുതപോസ്റ്റുകൾ തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ (31), കണ്ണൂർ മന്നാരിക്കുഴിപാലം സോണി (38) എന്നിവർക്കാണ് പരിക്കേറ്റത്.
പുന്നപ്ര അറവുകാടിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പോസ്റ്റുകൾ തകർന്നതിനെ തുടർന്ന്, മണിക്കൂറുകളോളം പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചു. കൊല്ലത്തു നിന്നു കണ്ണൂരിനു പോയ ലോറിയാണ് നിയന്ത്രണം തെറ്റി വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചു നിന്നത്. അപകടത്തെത്തുടർന്ന്, ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
Read Also : പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ : ഒരാൾ കസ്റ്റഡിയിൽ
അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യത്തെ ഇടിയിൽ ദേശീയപാതയിലേക്ക് ഒരു പോസ്റ്റ് നിലംപൊത്തി. തുടർന്ന്, പിറകേ വന്ന ലോറി വൈദ്യുതികമ്പിയുമായി മുന്നോട്ടു പായുമ്പോഴാണ് റോഡിന്റെ കിഴക്കുവശം നിന്ന ഏഴോളം പോസ്റ്റുകൾ നിലം പൊത്തിയത്. ഈ സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
പോസ്റ്റ് ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ അറവുകാട് കോളനിവാസികളാണ് പുന്നപ്ര വൈദ്യുത ഓഫീസിൽ വിവരമറിയിച്ചത്. തുടർന്ന്, ജീവനക്കാരെത്തി പോസ്റ്റ് മാറ്റി വൈദ്യുതബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. എട്ടു മണിക്കൂറോളമാണ് ഈ ഭാഗത്ത് വൈദ്യുതി നിലച്ചത്.
Post Your Comments