ന്യൂഡല്‍ഹി: കേരള സംഘം ഗുജറാത്ത് സന്ദര്‍ശനത്തിന് പോയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് മോഡല്‍ കേരളത്തില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് സന്ദര്‍ശനമെന്ന്, റിപ്പോര്‍ട്ട് വരികയും ചെയ്തു. എന്നാല്‍, ഇത് തിരുത്തി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് എത്തി. ചീഫ് സെക്രട്ടറി വി.പി ജോയിയും സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ ഉമേഷും ഗുജറാത്ത് സന്ദര്‍ശിച്ചത്, ഗുജറാത്ത് വികസന മോഡല്‍ പഠിക്കാനല്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സംഘം പോയത്, ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനാണെന്നും ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി വി.പി ജോയും സംഘവും സംസ്ഥാനത്ത് തിരിച്ചെത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം, തത്സമയം മുഖ്യമന്ത്രിയ്ക്ക് വിലയിരുത്താന്‍ കഴിയുന്ന സിഎം ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ചാണ് പ്രധാനമായും സംഘം പഠിച്ചത്. മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസന മാതൃകകളും ചീഫ് സെക്രട്ടറി വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
സന്ദര്‍ശനം സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി വി.പി ജോയ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ഡാഷ് ബോര്‍ഡ് സോഫ്റ്റ് വെയറും സാങ്കേതികവിദ്യയും കേരളത്തിന് കൈമാറാന്‍ തയ്യാറാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്, ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ രണ്ടംഗ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.
Post Your Comments