കൊല്ലം: കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കുന്നതോടെ കെ റെയില്‍ സ്വപ്‌നത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഡിവിഷനില്‍ നിന്നാകും സര്‍വ്വീസ്. രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. ഈ തീവണ്ടി അനുവദിക്കുന്നതോടെ കെ റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമാകും.
വന്ദേഭാരത്ത് വരുന്നതോടെ കെ റെയിലില്‍ നിന്നും റെയില്‍വേയും പിന്‍വാങ്ങുമെന്നാണ് സൂചന. തീവണ്ടി സര്‍വ്വീസുമായി ബന്ധപ്പെട്ട്, മുന്നൊരുക്കങ്ങള്‍ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.
കേരളത്തില്‍ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തില്‍ വന്ദേ ഭാരത് എക്സ്‌പ്രസ് തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ല. വേഗത്തില്‍ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. എങ്കിലും, കേരളത്തില്‍ ഉടനീളം ആറു മണിക്കൂര്‍ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും. തിരുവനന്തപുരത്ത് നിന്ന് ജനശതാബ്ദി കോഴിക്കോട് എത്തുന്നത് ഏഴു മണിക്കൂര്‍ കൊണ്ടാണ്. അതില്‍ നിന്നും കുറച്ചു കൂടി വേഗത മാത്രം മതി കാസര്‍ഗോട്ടേക്ക് ആറു മണിക്കൂര്‍ കൊണ്ടെത്താന്‍. ചെലവും കുറവായിരിക്കും.
ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ചെന്നൈ (6), കോയമ്പത്തൂര്‍ (3), തിരുച്ചിറപ്പള്ളി (2), തിരുവനന്തപുരം (2), എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകള്‍ അനുവദിക്കുക. ന്യൂഡല്‍ഹിക്കാണ് ഏറ്റവും കൂടുതല്‍ റേക്കുകള്‍ നല്‍കുക-12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിര്‍മ്മാണം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. 2024 -ഓടെ റെയില്‍വേയുടെ അതിവേഗ വണ്ടി കേരളത്തിലെത്തും.
സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെ, കേരളത്തില്‍ വന്ദേ ഭാരത് തീവണ്ടി സര്‍വ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, ഡല്‍ഹിയിലെത്തിയ ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയിരുന്നു.
Post Your Comments