തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എൻജിനിയറിങ് വിങ്ങിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂർ, കൊട്ടാരക്കര ക്യാമ്പസുകളിൽ പരിശീലനം സംഘടിപ്പിക്കുന്നത്.
മെയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസിൽ എൻജിനിയർമാർക്കും പി.എസ്.സിയുടെ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ റാങ്ക് ലിസ്റ്റിലുള്ളവർക്കും പങ്കാളിയാവാം. സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനും നിർമാണ മേഖലയിലെ ആധുനികവത്ക്കരണത്തിന്റെ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും ഇതാദ്യമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും നടക്കേണ്ട വികസന പ്രവർത്തനങ്ങളെ ഈടുറ്റതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ www.celsgd.kerala.gov.in ലെ പ്രൊഫോർമ എഫ്.1151 മുഖേന അപേക്ഷിക്കാം. ക്യു ആർ കോഡ് മുഖാന്തരം അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments