തിരുവനന്തപുരം: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ വിമർശനവുമായി സി.പി.എം. സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളാനാകില്ലെന്നും പ്രസ്താവന പിൻവലിച്ച് പി.സി ജോർജ് കേരള സമൂഹത്തോട് മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മനുഷ്യ സൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ അതു തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, സി.പി.എം. ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസംഗമമെന്ന പരിപാടിയിലാണ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചാരണവുമായി പി.സി രംഗത്തുവന്നത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയവാദികളും ബോധപൂർവമായ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ജോർജ്ജിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരള സമൂഹത്തോട് മാപ്പുപറയണമെന്നും പ്രസ്താവനയിൽ പറയുന്നു. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും സി.പി.എം. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Post Your Comments