Latest NewsKeralaIndiaInternational

തുരുതുരാ വെടിവെച്ചു! എന്നാൽ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പായിരുന്നു: നടുക്കുന്ന ഓർമയിൽ അഖിൽ രഘു

കപ്പലിന്റെ ഗ്ലാസുകൾ വെടിവച്ച് തകർക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലിൽ അപായ സൈറൺ മുഴങ്ങി.

കായംകുളം: ചരക്കുകപ്പലിൽ ജോലി ചെയ്തിരുന്ന മലയാളി യെമനിലെ ഹൂതി വിമതരുടെ തടവിൽ നിന്ന് മോചിതനായി നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഭീതിയുടെ ആ നാളുകൾ ഓർക്കുകയാണ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (26). ചെങ്കടലിലൂടെ 20 കിലോ മീറ്റർ വേഗതയിൽ ചരക്ക് കപ്പൽ നീങ്ങുമ്പോഴാണ് ജനുവരി രണ്ടിന് രാത്രി 12ന് ഹൂതി വിമതർ കൂട്ടമായി ബോട്ടുകളിൽ എത്തി ചരക്ക് കപ്പലിലേക്ക് ഇരച്ചു കയറിയത്. കപ്പലിന്റെ ഗ്ലാസുകൾ വെടിവച്ച് തകർക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലിൽ അപായ സൈറൺ മുഴങ്ങി.

വിശ്രമ മുറിയിൽ ചീഫ് ഓഫിസറുടെ സമീപത്തേക്ക് ഓടി വരുമ്പോൾ, തോക്കേന്തിയ ഹൂതി സംഘത്തെയാണ് അഖിൽ കണ്ടത്. ഓഫിസറുടെ മുറിയിൽ കയറി ‍‍ കതകടച്ചു. ഉടൻ കതക് ലക്ഷ്യമാക്കി വെടിവെച്ചു. അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും മുറിക്കകത്തേക്ക് തുളച്ചു കയറിയ വെടിയുണ്ടയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കതക് തുറക്കാതെ വന്നതോടെ തുരുതുരാ വെടിവച്ചു. കതകിന്റെ പൂട്ടുഭാഗം ബുള്ളറ്റ് തുളച്ചുകയറി ഞെരുങ്ങിയതിനാൽ തുറക്കാൻ സാധിച്ചില്ല. ഇതിനിടെ, മുറിയിലുണ്ടായിരുന്നവർ എമർജൻസി വാതിൽ വഴി പുറത്തു ചാടിയെങ്കിലും ചെന്ന് പെട്ടത് ഹൂതി വിമതരുടെ മുന്നിലായിരുന്നു.

എല്ലാവരും തലകുനിച്ചു വണങ്ങി. തുടർന്ന്, എല്ലാവരെയും കപ്പലിൽ നിന്ന് ബോട്ടിലേക്ക് കയറ്റി. രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു തുറമുഖത്ത് എത്തിച്ചു. ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പായിരുന്നുവെന്ന് അഖിൽ പറഞ്ഞു. വേഗം മോചിപ്പിക്കാമെന്ന് ഉറപ്പും കൊടുത്തു. പക്ഷെ, ഹോട്ടലിലെ താമസം ജയിൽ ജീവിതത്തിന് തുല്യമായിരുന്നു. വാതിൽ അവർ പൂട്ടയിടും. ഭക്ഷണം കൃത്യ സമയത്ത് എത്തിച്ചിരുന്നു. ഹൂതി സംഘത്തിന്റെ അരയിൽ എപ്പോഴും കത്തി ഉണ്ടാകും. ഇത് ആ നാട്ടിലെ ആചാരത്തിന്റെ ഭാഗമാണെന്ന് അഖിൽ പറയുന്നു.

മോചനത്തിൽ അഖിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ജിബൂട്ടിയിലെ ഇന്ത്യൻ അംബാസിഡർ ചന്ദ്രമൗലിയോടാണ്. ഒട്ടേറെ പ്രാവശ്യം വിമത സംഘവുമായി ചർച്ച നടത്തിയത് ചന്ദ്രമൗലിയാണെന്ന് അഖിൽ പറഞ്ഞു. ചെങ്കടലിൽ യെമന്റെ അതിർത്തിയോട് ചേർന്ന് കപ്പൽ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്ന്, അവർ പിന്നീട് വെളിപ്പെടുത്തിയതായി അഖിൽ പറഞ്ഞു. അവിടെ നിന്ന്, യെമനിലെ ഹുദൈദ എന്ന സ്ഥലത്ത് ഒരു ഹോട്ടൽ മുറിയിലേക്ക് 11 പേരെയും മാറ്റി. മൂന്ന് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ, ഈജിപ്റ്റ്, മ്യാൻമർ, ഫിലിപ്പീൻസ്, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്.

news courtesy: manorama

shortlink

Related Articles

Post Your Comments

Related Articles


Back to top button