ന്യൂഡൽഹി: രാജ്യത്ത് അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള ചെറിയ യുദ്ധങ്ങൾക്ക് വ്യോമസേന തയ്യാറായിരിക്കണമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി. ന്യൂഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കിഴക്കൻ ലഡാക്കിലുണ്ടായതിന് സമാനമായ പോരാട്ടങ്ങൾക്ക് ഇന്ത്യൻ വ്യോമസേന തയ്യാറെടുക്കേണ്ടത് ആവശ്യമാണെന്ന് വി. ആർ ചൗധരി പറഞ്ഞു. യുദ്ധോപകരണങ്ങൾക്ക് കൂടുതലായും ഇന്ത്യ റഷ്യയെയാണ് ആശ്രയിക്കുന്നത്. റഷ്യ- ഉക്രൈൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഉപകരണങ്ങളുടെയും സ്പെയർപാർട്സുകളുടെയും വിതരണത്തിൽ കാലതാമസം ഉണ്ടാകുമെന്ന ആശങ്ക സൈന്യത്തിന് ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.
റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, യുദ്ധോപകരണങ്ങളുടെ കാര്യത്തിൽ സൈന്യം സ്വാശ്രയമാകേണ്ടതിന്റെ ആവശ്യകത പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെളിപ്പെടുത്തിയിരുന്നു. നാവിക കമാൻഡർമാരുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments