ലഖ്‌നൗ: അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. മുഖ്യ സൂത്രധാരൻ മഹേഷ് കുമാർ മിശ്ര ഉൾപ്പെടെ അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു. പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ദീപക് കുമാർ ഗൗർ, ബ്രജേഷ് പാണ്ഡെ, ശത്രുഘ്‌ൻ പ്രജാപതി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ക്ഷേത്രനഗരമായ അയോദ്ധ്യയിൽ സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിച്ചതിനും ആരാധനാലയത്തിന് സമീപം പ്രകോപനമുണ്ടാക്കുന്ന വസ്തുക്കൾ എറിഞ്ഞതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ജഹാംഗീർപുരി സംഘർഷത്തിന്റെ പ്രതികാരമാണിതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മാംസം, വിശുദ്ധ ഗ്രന്ഥത്തിന്റെ കീറിയ പേപ്പറുകൾ എന്നിവ പള്ളികളുടെ ഗേറ്റിന് പുറത്ത് വലിച്ചെറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. പോലീസിന് വിവരം ലഭിച്ചയുടൻ, ഉടനടി നടപടിയെടുക്കുകയും പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഉടനടി നീക്കം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ക്രമസമാധാന നില നിലനിർത്താൻ നഗരത്തിലുടനീളം വൻതോതിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പിന്നീട്, ജില്ലാ ഭരണകൂടം മതനേതാക്കളുമായി ചർച്ച നടത്തുകയും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെ, അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. യുപിയിലെ ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടോ എന്നാണ് പ്രധാന അന്വേഷണം. പോലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് വലിയ കലാപം ഒഴിവായത്.
Post Your Comments