മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമമാണ് ദംഗൻമൽ. പാറകൾ നിറഞ്ഞ ഭൂപ്രദേശമായ ഇവിടെ അഞ്ഞൂറോളം ആളുകൾ താമസിക്കുന്നുണ്ട്. ജനസംഖ്യ വളരെ കുറവാണെങ്കിലും ഇവർക്ക് പോലും കുടിക്കാൻ ഒരുതുള്ളി വെള്ളം ഇവിടെയില്ല. വീടുകളിൽ പൈപ്പ് കണക്ഷനുകൾ ഇല്ല. കൊടും വേനൽ വന്നാൽ ഇവിടെയുള്ളവർക്ക് കഷ്ടകാലം കൂടി കൂട്ടിനെത്തും. വെള്ളമില്ലാത്ത ആ നാടിന്റെ ആകെ ആശ്രയം ഒരു നദിയും അതിനു സമീപമുള്ള ഭട്‌സ അണക്കെട്ടും, ഒരു കിണറുമാണ്. എന്നാൽ, രണ്ടും വളരെ അകലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാൻ തന്നെ ഏകദേശം 12 മണിക്കൂർ എടുക്കും.
അതുകൊണ്ട് തന്നെ, വീട്ടുജോലികളും, വെള്ളം കൊണ്ടുവരലും രണ്ടും ഒരുമിച്ച് നടക്കില്ല. ആണുങ്ങൾക്ക് കുടുംബം പോറ്റാൻ ജോലിക്ക് പോയേ പറ്റൂ. സ്ത്രീകൾക്കാണെങ്കിൽ വീട്ടുജോലികളും, കുട്ടികളെ നോക്കലും എല്ലാം കാരണം പുറത്ത് പോകാനും സമയമില്ല. എന്നാൽ വെള്ളമില്ലാതെ ജീവിക്കാനും സാധ്യമല്ല. എന്ത് ചെയ്യും? ഈ ദുർഘടത്തിൽ നിന്ന് രക്ഷനേടാൻ അവിടത്തുകാർ അതിനൊരു പരിഹാരം കണ്ടെത്തി, ബഹുഭാര്യത്വം. ആണുങ്ങൾ രണ്ടാമതൊരു വിവാഹം കൂടി കഴിക്കാൻ തുടങ്ങി. തങ്ങളുടെ വീടുകളിൽ ആവശ്യത്തിന് കുടിവെള്ളം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മാത്രമാണ് അവർ ഈ ബഹുഭാര്യത്വ സമ്പ്രദായം ആരംഭിച്ചത്.
ഈ വെള്ളം കൊണ്ടുവരുന്ന ഏർപ്പാട് ഒരു മഹാമഹമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്. പെണ്ണുങ്ങൾ സൂര്യോദയത്തിന് മുൻപ് തന്നെ വീട്ടിൽ നിന്ന് കുടവും, ഒഴിഞ്ഞ പാത്രങ്ങളുമായി വീട്ടിൽ നിന്ന് പുറപ്പെടും. വയലുകളും, ചെളിനിറഞ്ഞ പാതകളും കടന്ന്, കുന്നിൻ പ്രദേശങ്ങളിലൂടെ ഒടുവിൽ നദിക്കരയിൽ എത്തും. ഏകദേശം 15 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പാത്രവും തലയിലേന്തി ഓരോ സ്ത്രീയും വീട്ടിലേയ്ക്ക് മടങ്ങുന്നു. ചിലർ രണ്ട് പാത്രങ്ങൾ വരെ തലയിൽ ചുമന്ന് കൊണ്ടുപോകുന്നു. എന്നാൽ, മഴക്കാലത്ത് സമീപത്തെ കിണർ നിറയുന്നതിനാൽ കാൽനടയാത്ര ഒഴിവായി കിട്ടും.
ഗ്രാമത്തിലെ ഏറ്റവും വലിയ കുടുംബമുള്ള സഖാറാം ഭഗത് മൂന്ന് തവണ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാർ വീട്ടിൽ ഭക്ഷണവും, വെള്ളവും ഉറപ്പാക്കുന്നു. അടുത്ത ഗ്രാമത്തിലെ ഒരു ഫാമിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുന്ന ഭഗത് പറഞ്ഞു, ‘വീട്ടിലേയ്ക്ക് വെള്ളം കൊണ്ടുവരാൻ ഒരാളെ കൂടെ എനിക്ക് വേണമായിരുന്നു. വീണ്ടും വിവാഹം കഴിക്കുക എന്നതാണ് ഏക പോംവഴി.’ ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്മാരും കർഷകരാണ്. അവർ വയലിൽ പോകുമ്പോൾ, സ്ത്രീകൾ വീട്ടുകാര്യങ്ങളും, കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുന്നു.
എന്നാൽ, വേനൽക്കാലത്ത്, ചൂട് കഠിനമാണ്. കിണറുകൾ വറ്റിപ്പോകുന്നു, കന്നുകാലികൾ ചത്തു വീഴുന്നു. ആളുകൾ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ഭാര്യയുടെ പ്രസക്തി. രണ്ടാം ഭാര്യയുടെ ജോലി വീട്ടിലേക്ക് വെള്ളം കൊണ്ടുവരൽ മാത്രമാണ്. 2015 -ൽ പ്രസിദ്ധീകരിച്ച ഒരു ഓപ്പൺ മാഗസിൻ ലേഖനമനുസരിച്ച്, ഗ്രാമത്തിലെ ചില പുരുഷന്മാർക്ക് നാല് ഭാര്യമാർ വരെയുണ്ട്. എന്നാൽ ഒരാളെ മാത്രമേ നിയമപരമായി കെട്ടാൻ സാധിക്കൂ, ബാക്കിയുള്ളവർ ‘പാനി ബായി’ അഥവാ വാട്ടർ വൈഫ്‌സാണ്.
Post Your Comments