തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുജറാത്തിനെ കൂടാതെ, യു.പിയിലേക്കും പഠനങ്ങൾക്കായി പോകണമെന്നും, കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ മാത്രം പോയാല്‍ പോര. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു സംഘത്തെ യോഗിയുടെ യു.പിയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി. എം.ഡി പോകേണ്ടിയിരുന്നത് നെതര്‍ലാന്‍ഡ്‌സിലേക്ക് അല്ലെന്നും യു.പിയിലേക്കായിരുന്നുവെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം, ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. ഗുജറാത്ത് മോഡൽ വികസനത്തെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നൽകും. വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്ബോർഡ് സിസ്റ്റമാണ് കേരളം പഠിക്കാൻ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോർഡിനെ കുറിച്ചുള്ള നിർദ്ദേശം ഉയർന്നത്. ചീഫ് സെക്രടറി തല സമിതി റിപ്പോർട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നൽകും. റിപ്പോർട്ടിന്മേൽ വികസന നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. സിൽവർ ലൈൻ പദ്ധതി പോലെയുള്ള വൻകിട പദ്ധതികൾക്ക് ഈ പഠനം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
Post Your Comments