ലക്‌നൗ: ഉത്തർപ്രദേശിൽ എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നും ഉള്ള യോഗി ആദിത്യനാഥിന്റെ നിർദ്ദേശം പാലിച്ച് ആരാധനാലയങ്ങൾ. ഗാന്ധിചൗക്ക് പ്രദേശത്തെ രാം ജാങ്കി ക്ഷേത്രവും ജുമാമസ്ജിദും ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഝാൻസിയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിൽ ഒന്നാണ് രാം ജാങ്കി ക്ഷേത്രം, ബഡഗാവ് പട്ടണത്തിലെ ഗാന്ധി ചൗക്ക് പ്രദേശത്താണ് സുന്നി ജമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകളായി ക്ഷേത്രത്തിലും മസ്ജിദിലും ഉപയോഗിച്ചിരുന്ന ഉച്ചഭാഷിണികൾ വേണ്ടെന്നു വെക്കാൻ സംയുക്തമായി തീരുമാനിച്ചതായി, ക്ഷേത്ര പൂജാരി ശാന്തി മോഹൻ ദാസും ഇമാം ഹാഫിസ് മുഹമ്മദ് താജ് ആലവും പറഞ്ഞു. സമാധാന സമിതി യോഗം ചേർന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് രണ്ടിടങ്ങളിലെയും നീക്കം.
ഉച്ചഭാഷിണികൾ താഴെയിറക്കാനുള്ള നടപടി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹാഫിസ് താജ് ആലം പറഞ്ഞു. ‘ഞങ്ങൾ പരസ്പര ധാരണയിലാണ് ജീവിക്കുന്നത്. രാജ്യത്ത് ഈ ഐക്യം നിലനിൽക്കാനും ആളുകൾ സമാധാനത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് പള്ളിക്കുള്ളിൽ ചെറിയ സ്പീക്കറുകൾ ഉണ്ട്’. അതുവഴി ശബ്ദം പുറത്തേക്ക് സഞ്ചരിക്കില്ലെന്നും പള്ളിയ്‌ക്കുള്ളിൽ തന്നെ അവ നിലനിൽക്കുമെന്നും ഹാഫിസ് പറഞ്ഞു.
അതേസമയം, രാവിലെയും വൈകിട്ടും ഭജന നടത്താനായിരുന്നു ക്ഷേത്രത്തിൽ ഉച്ചഭാഷണി ഉപയോഗിച്ചിരുന്നത്. പള്ളിയിൽ ഒരു ദിവസം അഞ്ച് തവണ ബാങ്ക് വിളിക്കും ഉച്ചഭാഷിണി ഉപയോഗിച്ചു. ജനങ്ങൾക്കിടയിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ സന്ദേശം നൽകാനാണ് തീരുമാനമെന്ന് ശാന്തി മോഹൻ ദാസ് പറഞ്ഞു. ഇപ്പോൾ എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഭക്തരെത്തി ഭജന നടത്താറുണ്ട്. എന്നാൽ, ഉച്ചഭാഷിണിയില്ലാതെയാണ് അവ നടത്തുന്നതെന്ന് മോഹൻദാസ് പറഞ്ഞു.
നേരത്തെ, വിവിധ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ യുപിയിൽ കലാപത്തിനും അരാജകത്വത്തിനും സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ജനസംഖ്യ 25 കോടിയാണ്. സംസ്ഥാനത്തുടനീളം 800-ലധികം ഘോഷയാത്രകളാണ് ഹൈന്ദവ ഉത്സവത്തോടനുബന്ധിച്ച് നടന്നത്. അതോടൊപ്പം തന്നെ, ഈ സമയത്ത് മുസ്ലീം വിശ്വാസികൾ റംസാൻ നോയമ്പും സമാധാനത്തോടെ നോക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments