
മുംബൈ: ഇലക്ട്രിക് ബൈക്ക് കമ്പനിയായ ഓലയുടെ കസ്റ്റമർ കെയറിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ പ്രകോപിതനായ യുവാവ്, ബൈക്ക് കഴുതയെ കൊണ്ട് നഗരം മുഴുവൻ കെട്ടിവലിപ്പിച്ചു.
മുംബൈ നഗരത്തിലാണ് സംഭവം നടന്നത്. സച്ചിൻ ഗിട്ടെ എന്ന യുവാവാണ് തികച്ചും വ്യത്യസ്തമായ രീതിയിലൂടെ തന്റെ പ്രതിഷേധം ലോകത്തെ മുഴുവൻ അറിയിച്ചത്. 2021 സെപ്റ്റംബർ മാസത്തിൽ സച്ചിൻ ഓല കമ്പനിയുടെ ഒരു ഇലക്ട്രിക് ബൈക്ക് വാങ്ങിയിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ ജനുവരി മാസത്തോടെ ബൈക്ക് പണിമുടക്കി. ഇതോടെ, ഓലയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട സച്ചിന്റെ അഭ്യർത്ഥനപ്രകാരം അവർ ഒരു ടെക്നിഷ്യനെ വീട്ടിലേക്ക് അയച്ചു. എന്നാൽ, കിണഞ്ഞു ശ്രമിച്ചിട്ടും അയാൾക്ക് ബൈക്കിന്റെ തകരാർ പരിഹരിക്കാൻ സാധിച്ചില്ല.
വിഷണ്ണനായ സച്ചിൻ വീണ്ടും കമ്പനിയുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും, തന്റെ പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ ഉഴപ്പു കാണിക്കുന്നത് സച്ചിന് മനസ്സിലായി. ഇതോടെയാണ് കമ്പനിയെ ഒരു പാഠം പഠിപ്പിക്കാൻ ഉറപ്പിച്ച് അദ്ദേഹം ഇങ്ങനെ ഒരു വഴി പ്രതികരിക്കാൻ തിരഞ്ഞെടുത്തത്. മുംബൈ നഗരത്തിലുടനീളം, സച്ചിൻ തന്റെ ബൈക്ക് കഴുതയെ കൊണ്ട് കെട്ടി വലിപ്പിച്ച് നടന്നു. ‘ ഈ തല്ലിപ്പൊളി കമ്പനിയെ വിശ്വസിക്കരുത്. ഇവരുടെ ബൈക്ക് വാങ്ങരുത്’ എന്നെഴുതിയ ബോർഡും അദ്ദേഹം തൂക്കിയിരുന്നു. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Post Your Comments