ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ കോടതിയിൽ നിന്ന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മേവാനി വീണ്ടും അറസ്റ്റിലായത്. ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിന്, ബുധനാഴ്ച രാത്രിയാണ് മേവാനിയെ ഗുജറാത്തിൽ നിന്ന് അസം പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ, ഇപ്പോഴത്തെ അറസ്റ്റ് ഏതു കേസിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെച്ചൊല്ലി ഉയർന്ന രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് വീണ്ടും അറസ്റ്റ് നടന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കുടിപ്പകയാണു തന്റെ അറസ്റ്റിന് പിന്നിലെന്ന് മേവാനി ആരോപിച്ചു.
‘ഇതു ബിജെപിയും ആർഎസ്എസും നടത്തിയ ഗൂഢാലോചനയാണ്. എന്റെ പ്രതിഛായ നശിപ്പിക്കുകയാണ് ഉദ്ദേശ്യം. വ്യവസ്ഥാനുസൃതമായാണ് അവരതു ചെയ്യുന്നത്. രോഹിത് വെമുലയ്ക്കും, ചന്ദ്രശേഖർ ആസാദിനും എതിരെ ഇതുതന്നെയാണ് ചെയ്തത്. ഇപ്പോൾ അവരുടെ ലക്‌ഷ്യം ഞാനാണ്’, ജിഗ്നേഷ് പറഞ്ഞു.
Post Your Comments