മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണം പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്നും പോലീസാണ് സ്വർണം പിടിച്ചെടുത്തത്.
വിമാനത്താവളത്തിന് അകത്തുനിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു പുറത്തെത്തിച്ച 851 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫിൽ നിന്നാണ് സ്വർണം പിടിച്ചത്. ഗുളിക രൂപത്തിൽ വയറ്റിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. എക്‌സറേ പരിശോധനയിലൂടെയാണ് സ്വർണ്ണം കണ്ടെത്തിയത്. പുലർച്ചെ 5ന് അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പരിശോധനയിൽ പിടിയിലായത്.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടിയിരുന്നു. രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്.
കരിപ്പൂരിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ വൻതോതിൽ സ്വർണം പുറത്തു നിന്ന് കണ്ടെത്തി പിടികൂടാൻ ആരംഭിച്ചത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന പൂർത്തിയാക്കിയ യാത്രക്കാരിൽ നിന്നും പോലീസ് സ്വർണ്ണം പിടികൂടുന്നത് സ്ഥിരമാകുകയാണ്.
Post Your Comments