ശ്രീനഗര്‍: ജനാധിപത്യത്തിലും വികസനത്തിലും കശ്മീര്‍ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ് ദിനത്തില്‍ കശ്മീരില്‍ നിന്നും ഇന്ത്യയിലെ ഗ്രാമസഭകളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഊര്‍ജ പദ്ധതികള്‍ ഉള്‍പ്പെടെ 20,000 കോടിയുടെ വികസന പദ്ധതികളാണ് കശ്മീര്‍ ജനതയ്ക്കായി പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഈ വര്‍ഷത്തെ പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരില്‍ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ ജനാധിപത്യം താഴേത്തട്ട് വരെ എത്തി എന്നതില്‍ അഭിമാനിക്കാം.
‘വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലെ വികസനത്തിന് വേഗം നല്‍കുന്നതിനായിട്ടാണ് 20,000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ – ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇത്. 7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ജമ്മു കശ്മീരിലെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായി 108 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ പ്രധാനമന്ത്രി അമൃത് സരോവര്‍ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിച്ചു.
Post Your Comments