തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സില്‍വര്‍ ലൈൻ
പദ്ധതിയിൽ ആശങ്ക ദുരീകരിക്കാൻ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് വി. മുരളീധരൻ പറഞ്ഞു. അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതികവിദഗ്ധരുമായി ചർച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തുന്ന പ്രതിരോധ യാത്രയുടെ ആറാം ദിവസം ആറ്റിങ്ങലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സിൽവർ ലൈൻ പദ്ധതിയോട് എതിർപ്പുള്ളവരോട് സംവദിക്കും എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവനുള്ള അധ്വാനത്തിന്റെ സമ്പാദ്യമായ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന സാധാരണ ജനങ്ങളോടാണ് സംവദിക്കുവാൻ തയ്യാറാക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് അതിന് ആർജ്ജവമില്ലെങ്കിൽ കെ റെയിൽ എം.ഡിയെ എങ്കിലും പറഞ്ഞു വിടണമെന്നും സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തുന്നവർ എന്തുകൊണ്ട് മെട്രോമാൻ ഇ. ശ്രീധരനെ ക്ഷണിച്ചില്ലെന്നും മുരളീധരൻ ചോദിച്ചു.
Post Your Comments