കണ്ണൂർ: സർവകലാശാലാ പരീക്ഷാ നടത്തിപ്പിലെ വ്യാപക അട്ടിമറിയിൽ പ്രതിഷേധിച്ച് സർവകലാശാലാ ആസ്ഥാനത്ത് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിനിടയാക്കി.
ഫോട്ടോസ്റ്റാറ്റ് മെഷീനുമായി സർവകലാശാലാ കാവടത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവേശന കവാടം ഉപരോധിച്ച പ്രവർത്തകർ അതിക്രമിച്ച് അകത്തുകടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പർ ആവർത്തനത്തിന് സമാനമായി മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിലും മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിക്കാനിടയാക്കിയതാണ് വൻ പ്രതിഷേധത്തിന് വഴിവച്ചത്.
വിദ്യാർത്ഥികളുടെ അധ്വാനത്തിനും പ്രയാസങ്ങൾക്കും ഒരു വിലയും നൽകാതെ ചോദ്യപേപ്പറുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകാനാണെകിൽ പാവപ്പെട്ട വിദ്യാർത്ഥികളെ പിഴിഞ്ഞുള്ള പണം ചോദ്യം തയ്യാറാക്കുന്ന അദ്ധ്യാപകർക്ക് നൽകേണ്ടതില്ലെന്ന് കെ.എസ്.യു. ചൂണ്ടിക്കാട്ടി.
കോപ്പിയെടുക്കുന്നതിനാവശ്യമായ മെഷീൻ കെ.എസ്.യു. നൽകാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫോട്ടോസ്റ്റാറ്റ് മെഷീനുമായുള്ള വേറിട്ട പ്രതിഷേധം. പണമുണ്ടാക്കാൻ വേണ്ടി ചോദ്യ പേപ്പറുകൾ വിൽക്കാൻ പ്രത്യേക ലോബിയുണ്ടോ എന്നത് അന്വേഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
ഇന്നലെ പുറത്തുവന്ന ബോട്ടണി പരീക്ഷയ്ക്ക് പുറമെ കഴിഞ്ഞ ദിവസം നടന്ന മൂന്നാം സെമസ്റ്റർ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലും വലിയ രീതിയിലുള്ള ആശയക്കുഴപ്പവും വ്യാപകമായ തെറ്റും വ്യാകരണ പിശകുകളുമുണ്ട്.
ഗുരുതരമായ വീഴ്ചയുടെ പ്രധാന ഉത്തരവാദിയായ പരീക്ഷാ കൺട്രോളറെ പുറത്താക്കണമെന്നും ചോദ്യപേപ്പറുകൾ തയ്യാറാക്കിയ അദ്ധ്യാപകർക്കെതിരേ അച്ചടക്ക നടപടിക്ക് പുറമെ നിയമനടപടിയും കൈക്കൊള്ളണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
Post Your Comments