തൃശൂര്‍: ഓണ്‍ലൈൻ പാഴ്സലിനും നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ഗുണ്ടായിസം. തൃശൂര്‍ കുരിയച്ചിറയിലാണ് സംഭവം. പാഴ്സൽ വന്ന ചെറുയന്ത്രം ഏറ്റെടുക്കാൻ അമിത കയറ്റിറക്ക് കൂലി വേണമെന്നായിരുന്നു ചുമട്ടു തൊഴിലാളികളുടെ ആവശ്യം. ഇതേതുടർന്ന്, പാഴ്സല്‍ ഏറ്റെടുക്കാന്‍ സിഐടിയു പ്രവർത്തകർ ഉടമയെ അനുവദിച്ചില്ല. ഉരുട്ടി കൊണ്ടുവന്ന് കാറിൽ കയറ്റാൻ കഴിയുന്ന യന്ത്രം, സ്വന്തം കാറിൽ കൊണ്ടുപോകാനാണ് യുവാവ് എത്തിയത്.
എന്നാൽ, അവിടെയുണ്ടായിരുന്ന ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 65 കിലോയുള്ള യന്ത്രം ഉടമയ്ക്ക് തനിയെ വാഹനത്തിൽ കയറ്റാവുന്നതാണ്. എന്നാൽ, ഇതിന് അനുവദിക്കില്ലെന്ന ഭീഷണിയുമായി 15 സിഐടിയു പ്രവർത്തകരാണ് നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയത്.
തൃശൂർ സ്വദേശിയായ യുവാവ് കാർഷിക ആവശ്യത്തിനായി പുല്ലുവെട്ടുന്ന യന്ത്രം ഓൺലൈൻ മുഖേന ഓർഡർ ചെയ്തിരുന്നു. ഉച്ചയ്ക്ക് സാധനം എടുക്കുന്നതിനായി ഓൺലൈൻ പാഴ്സൽ സെന്ററിലെത്തി. കഴിഞ്ഞ നാലു മണിക്കൂറായി യന്ത്രത്തിന്‍റെ ഉടമ, പാഴ്സൽ സർവ്വീസിന്‍റെ മുന്നിൽ പ്രശ്നത്തിന് പരിഹാരം കാത്ത് നിൽക്കുകയാണ്. ഉടമ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിഐടിയു പ്രവർത്തകരുമായി ചർച്ചയാരംഭിച്ചു.
Post Your Comments