കൊച്ചി: ഓടുന്ന ബസില്‍ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായത് സഹയാത്രികയും നഴ്‌സുമായ യുവതി. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് ഷീബയുടെ അടിയന്തിര ഇടപെടലിലൂടെ യുവാവിന് രണ്ടാം ജന്മം. അങ്കമാലി സ്വദേശി വിഷ്ണു (24)വിനെയാണ് ഷീബ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ മാസം 16ന് രാവിലെ 9.15 നാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസില്‍ വെച്ചാണ് സംഭവമുണ്ടായത്.
രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷീബ. ബസില്‍ നല്ല തിരക്കായിരുന്നു. മുന്നിലേക്ക് കയറി നില്‍ക്കാന്‍ ശ്രമിക്കവെ പിന്നില്‍ നിന്ന് ഒരാള്‍ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോള്‍ യുവാവ് മറിഞ്ഞു വീഴുന്നതാണ് കണ്ടത്. പുറകില്‍ നിന്നവരോട് പിടിക്കാന്‍ പറഞ്ഞെങ്കിലും അതിന് മുമ്പ് യുവാവ് മറിഞ്ഞു വീണു. തുടര്‍ന്ന് കൂടെയുള്ളവരുടെ സഹായത്തോടെ ഫുഡ് ബോര്‍ഡില്‍ കിടത്തി പള്‍സ് പരിശോധിച്ചു. എന്നാല്‍, ബസ് ഓടുകയായതിനാൽ പൾസ് കൃത്യമായി അറിയാൻ സാധിച്ചില്ല.
പള്‍സ് കിട്ടാതെ വന്നപ്പോള്‍ ആദ്യം പി.സി.ആര്‍ നല്‍കി. വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ബസ് ജീവനക്കാരോട് ഷീബ പറഞ്ഞു. എന്നാൽ, ഇവർ സഹകരിച്ചില്ല. ഇതോടെ, ഷീബ തന്നെ മുൻകൈ എടുത്ത് ആശുപത്രിയില്‍ വിവരമറിയിച്ചു. എത്രയും പെട്ടെന്ന് ഐ.സി.യു ആംബുലന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു. അധികം വൈകാതെ ആംബുലൻസ് എത്തി. യുവാവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദ്രോഗം പോലുള്ള പ്രശ്‌നങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും, രണ്ടാഴ്ചയ്ക്കു ശേഷം മറ്റ് പരിശോധനകള്‍ക്ക് എത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഷീബ പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലുള്‍പ്പെടെ ജോലി ചെയ്തുള്ള അനുഭവ സമ്പത്തുണ്ട് ഷീബയ്ക്ക്. ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ സന്നദ്ധയാണ് ഷീബ. ഷീബയുടെ കൃത്യസമയത്തെ ഇടപെടലിൽ ഒരു യുവാവിന് ജീവൻ തിരിച്ച് കിട്ടിയിരിക്കുകയാണ്. സംഭവത്തിൽ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ രംഗത്തെത്തി.
Post Your Comments