KeralaLatest News

ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയ രണ്ട് പേർ പിടിയിൽ, വാഹനങ്ങൾ കണ്ടെത്തി

ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു.

പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു.

ഇതിനിടെ, അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന. ആയുധങ്ങൾ എത്തിച്ച ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് മോർച്ചറിക്കു മുന്നിൽ വെച്ച് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്.

ഇതോടെയാണ്, ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button