ഉഡുപ്പി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നു. ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷയ്ക്കെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് ഇതിനുള്ള അനുമതി നിഷേധിച്ചതോടെ, പരീക്ഷയെഴുതാതെ വിദ്യാർത്ഥിനികൾ. ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ആദ്യം അപേക്ഷിച്ച രണ്ട് വിദ്യാർത്ഥിനികളാണ് ഇന്നത്തെ പരീക്ഷയെഴുതാതെ മടങ്ങിയത്. ബുർഖയും ഹിജാബും ധരിച്ചാണ് ഇവർ പരീക്ഷയ്ക്കെത്തിയത്.
ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിൽ പരീക്ഷയെഴുതാൻ ഹാൾ ടിക്കറ്റുമായി കോളജിലെത്തിയതായിരുന്നു ആലിയ അസ്സാദിയും രേഷാമും. എന്നാൽ, ഹിജാബ് അഴിച്ചുകൊണ്ട് ക്ളാസിലേക്ക് പ്രവേശിക്കാൻ അധ്യാപകർ ആവശ്യപ്പെട്ടു. വിദ്യാർത്ഥിനികൾ ഇതിന് തയ്യാറായില്ല. തുടർന്ന്, 45 മിനിറ്റോളം ഇൻവിജിലേറ്റർമാരെയും കോളേജ് പ്രിൻസിപ്പാളുമായും പെൺകുട്ടികൾ തർക്കിച്ചു. സംസ്ഥാന സർക്കാരിന്റെ നിരോധനം ശരിവച്ച കോടതി ഉത്തരവിൽ നിന്ന് ഒരു അടി പോലും പിന്നോട്ടില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു അധ്യാപകർ. ഇതോടെ, പെൺകുട്ടികൾ പരീക്ഷയെഴുതാതെ തിരിച്ച് മടങ്ങുകയായിരുന്നു.
Also Read:ഏതെങ്കിലും ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്: രമേഷ് പിഷാരടി
അതേസമയം, വെള്ളിയാഴ്ച ആരംഭിച്ച പരീക്ഷ മെയ് 18 വരെ നീണ്ടുനിൽക്കും. ബിസിനസ് സ്റ്റഡീസായിരുന്നു ആദ്യ പേപ്പർ. സംസ്ഥാനത്തെ 1,076 കേന്ദ്രങ്ങളിലായി 6.84 ലക്ഷം വിദ്യാർഥികൾ ആണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ 1,076 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുക. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. അവസാന പരീക്ഷയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് നിരവധി മുസ്ലീം വിദ്യാർത്ഥിനികൾ മന്ത്രിയോട് അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഹിജാബ് ധരിച്ച് പരീക്ഷയ്ക്ക് എത്തുന്ന മുസ്ലീം പെൺകുട്ടികൾ, സ്‌കൂളിലോ പരീക്ഷാ ഹാളിലോ പ്രവേശിക്കുമ്പോൾ ഹിജാബ് അഴിച്ചുവെച്ച് പരീക്ഷയെഴുതണമെന്നും അതിനുശേഷം വീണ്ടും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments