തിരുവനന്തപുരം: ട്രെയിനിന് മുൻപിൽ വച്ച് സെൽഫി എടുക്കാൻ മുതിരുന്നവർക്ക് മുട്ടൻ പണി നൽകാനൊരുങ്ങി ദക്ഷിണ റെയില്‍വേ. റെയില്‍പ്പാളത്തില്‍ തീവണ്ടി എന്‍ജിന് സമീപത്തുനിന്ന് സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്.
ട്രെയിനിന് മുൻപിൽ വച്ചുള്ള സെൽഫി പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞയാഴ്ച ചെങ്കല്‍പ്പെട്ടിനു സമീപം പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇത് തുടർക്കഥയായതോടെയാണ് സംഭവത്തിൽ നടപടിയെടുക്കാൻ റെയിൽവേ തീരുമാനിച്ചത്.
അതേസമയം, ട്രെയിൻ യാത്രകളിൽ വാതിൽപ്പടിയിൽ ഇരിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ, അങ്ങനെ യാത്ര ചെയ്താല്‍ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കുമെന്ന് നമുക്കറിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത 767പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ പാളം മുറിച്ചുകടന്ന 1411പേര്‍ക്കെതിരെയും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments