മംഗളൂരു: മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗഞ്ചിമുട്ടിന് സമീപമുള്ള മലാലിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിന്റെ നവീകരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വ്യാഴാഴ്ച തടഞ്ഞു, വളരെക്കാലമായി മറഞ്ഞുകിടന്ന ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉയർന്നുവന്നതിനെത്തുടർന്നാണ് തടഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
ക്ഷേത്രം തകർത്തിട്ടാകാം പള്ളി നിർമ്മിച്ചത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ വ്യക്തത വരുത്തുന്നത് വരെ പള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർമ്മാണം നടത്തരുതെന്ന് ദക്ഷിണ കന്നഡ കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു.സംഭവത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും പഴയ രൂപരേഖകളും ഉടമസ്ഥാവകാശ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എല്ലാ സാദ്ധ്യതകളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. അതുവരെ ക്രമസമാധാന നില തുടരണമെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ, ഘടനയുടെ ചിത്രങ്ങൾ വൈറലായി, ആ മറഞ്ഞിരിക്കുന്ന ഘടന എന്താണെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആളുകൾ വാദപ്രതിവാദങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, പ്രസ്തുത കെട്ടിടം പഴയ പള്ളിയാണെന്ന് കരുതുന്നുവെന്നും ഏകദേശം 900 വർഷം പഴക്കമുള്ള പള്ളിയാണിതെന്നും ഇത് തെളിയിക്കാൻ ഭൂമിയുടെ രേഖകളുണ്ടെന്നും ജുമ്മാ മസ്ജിദ് പ്രസിഡൻറ് മുഹമ്മദ് മാമു പറഞ്ഞു. എന്നാൽ, ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്ക് സമാനമായ വാസ്തുശിൽപം ഉണ്ടെന്നും പുരാവസ്തു വകുപ്പ് ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദർശിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പ്വെൽ പറഞ്ഞു.
Post Your Comments