അഹമ്മദാബാദ്: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഊഷ്മള വരവേൽപ്പ്. ഗുജറാത്തിലെ സബർമതിയിലെ മഹാത്മാഗാന്ധിയുടെ ആശ്രമത്തിലെത്തിയ ബോറിസ് ഗാന്ധി പ്രചാരം നൽകിയ ചർക്കയിൽ ഒരു കൈ പരീക്ഷണം നടത്തി. ‘ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തിൽ വരാൻ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്. ലോകത്തെ മികച്ചതാക്കാൻ അദ്ദേഹം എങ്ങനെ സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങൾ സമാഹരിച്ചുവെന്ന് മനസിലാക്കാൻ സാധിച്ചു’, ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം എഴുതി.
അതേസമയം, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗുജറാത്ത് പോലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയർ, ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.
ഗാന്ധിനഗറിലെ നിർമ്മാണത്തിലിരിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റി യുകെയിലെ എഡിൻബറോ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വരുന്നതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിന്റെ കാമ്പസ് സന്ദർശിക്കുമെന്ന് ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിന്നാലെ, അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
#WATCH | Prime Minister of the United Kingdom Boris Johnson visits Sabarmati Ashram, tries his hands on ‘charkha’ pic.twitter.com/6RTCpyce3k
— ANI (@ANI) April 21, 2022
Post Your Comments