പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. സുബൈറിന്റേത്, രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിതിന്, എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തായ രമേശിനോട് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അതിന് ഉത്തരവാദി സുബൈര്‍ ആയിരിക്കുമെന്നും, അതിന് പകരം വീട്ടണമെന്നും സഞ്ജിത് രമേശിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഞായറാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തേ, ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇത്, നാല് ദിവസത്തേക്ക് കൂടി തുടരാനാണ് തീരുമാനം. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.
Post Your Comments