പുതുക്കാട്: ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍.
ഏങ്ങണ്ടിയൂര്‍ നാറാണത്ത് പ്രവീണ്‍, തളിക്കുളം ഇടശ്ശേരി ചെമ്പനാടന്‍ ആദര്‍ശ് എന്നിവരാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച ബൈക്കും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 30-ന് പുലര്‍ച്ചെ പാലിയേക്കരയിലെ പെട്രോള്‍ പമ്പിന്റെ ഓഫീസില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കുറുമാലി, പുതുക്കാട്, വടക്കഞ്ചേരി എന്നിവിടങ്ങളില്‍നിന്നും ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ മൊഴി നല്കി.
മോഷ്ടിച്ച ഫോണുകള്‍ കൂട്ടുകാര്‍ക്കും മൊബൈല്‍ വില്പനക്കാര്ക്കും മറിച്ചുവില്‍ക്കുകയാണ് പ്രതികളുടെ പതിവ്. എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. സുരേഷ്, ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ പി. സുജിത്ത്, എഎസ്ഐമാരായ റാഫേല്‍, ആസാദ്, തുടങ്ങിയവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments