ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയതും തന്ത്ര പ്രധാനവുമായ തുരങ്കം നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെയും ഹിമാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാതയായ ഷിങ്കുല ചുരത്തിലാണ് പുതിയ തുരങ്കം നിര്‍മിക്കുന്നത്. ചൈനയിലെയും പെറുവിലെയും തുരങ്കങ്ങളെക്കാള്‍ ഉയരം കൂടിയതാണ് ഇന്ത്യ നിര്‍മിക്കാനൊരുങ്ങുന്നത്.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ആണ് തുരങ്കം നിര്‍മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 16,580 അടി ഉയരത്തിലാണ് നിര്‍മാണം. നിലവില്‍, ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചൈനയിലെയും പെറുവിലെയും തുരങ്കങ്ങള്‍ രണ്ടും 16,000 അടിക്ക് താഴെയാണ്.
തന്ത്രപ്രധാനമായ ഈ തുരങ്കം നിര്‍മിക്കാന്‍ ബിആര്‍ഒക്ക് കീഴില്‍ ‘ പ്രൊജക്ട് യോജക് ‘ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 2025 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് ബിആര്‍ഒയുടെ പ്രതീക്ഷ.
തുരങ്കം പൂര്‍ത്തിയായാല്‍, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്കുള്ള യാത്രാസമയത്തില്‍ വലിയ കുറവുണ്ടാകും. രാജ്യത്തിന്റെ രണ്ടു മേഖലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാതയായും ഇത് മാറും. നിലവില്‍, 100 കിലോമീറ്ററോളം അധികമായി യാത്ര ചെയ്താണ് മണാലിയില്‍ നിന്ന് ലഡാക്കിലേക്ക് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ
യാത്ര ചെയ്യുന്നത്. തുരങ്കം വന്നാല്‍ കൂടുതല്‍ സഞ്ചാരികള്‍ക്കും അനുഗ്രഹമാകും.
Post Your Comments