കോപ്പന്‍ഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി തമിഴ് നടന്‍ മാധവന്റെ മകന്‍ വേദാന്ത്. 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനത്തിലാണ് വേദാന്തിന്റെ നേട്ടം. പ്രാദേശിക നീന്തല്‍ താരം അലക്‌സാണ്ടര്‍ എല്‍ ബിജോണിനെ 0.10-ന് മറികടന്നാണ് വേദാന്ത് നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ വേദാന്ത് വെള്ളിയും നേടിയിരുന്നു.
രാജ്യത്തിനായി മകന്‍ സ്വര്‍ണവും വെള്ളിയും നേടിയ വിവരം മാധവന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദൈവത്തിനും പരിശീലകര്‍ക്കും സ്വിമ്മിംഗ് ഫെഡറേഷനും നന്ദി പറഞ്ഞുകൊണ്ടാണ് മാധവന്‍ ഈ സന്തോഷ വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. മാധവന്റെ ഭാര്യ സരിതയും മകന്റെ നേട്ടത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. മാധവന്റെ ആരാധകർ വേദാന്തിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
Also Read:അതിവേഗ പാതയ്ക്കെതിരെ തമിഴ്നാട്ടിൽ സമരവുമായി സിപിഎം
ഇതിനു മുന്‍പും വേദാന്ത് നീന്തല്‍ കുളത്തില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന 47ാമത് ദേശീയ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രക്ക് വേണ്ടി നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഈ പതിനാറുകാരന്‍ സ്വന്തമാക്കിയത്. 2018 മുതല്‍ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വര്‍ഷം തന്നെ തായ്ലന്‍ഡില്‍ നടന്ന സ്വിമ്മിങ് മത്സരത്തില്‍ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തില്‍ തന്നെ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണവും നേടിയിരുന്നു.
Post Your Comments