ന്യൂഡൽഹി: സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതമേറ്റ 20 -കാരനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വിറ്റ്‌സർലൻഡിലാണ് സംഭവം. യുവാവ് സ്വയംഭോഗം ചെയ്യുന്നതിനിടെ പെട്ടെന്ന് ശക്തമായ നെഞ്ചുവേദനയും, ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. നേരിയ തോതിലുള്ള ആസ്ത്മ നേരത്തെയുണ്ടായിട്ടുള്ള ഇയാളെ ഉടൻ തന്നെ വിന്റർതൂരിലെ കന്റോണൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി. നെഞ്ച് വേദനയ്ക്ക് പുറമെ ദേഹം മുഴുവൻ അസഹ്യമായ വേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിയ യുവാവിനെ ഉടനെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ, രോഗിയുടെ മുഖം നീര് വച്ച് വീർത്തതായി ഡോക്ടർമാർ കണ്ടെത്തി. യുവാവ് ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ, അവ്യക്തമായ ഒരു ശബ്ദവും കേൾക്കാമായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ അസുഖം സ്പൊണ്ടേനിയസ് ന്യൂമോമെഡിയാസ്റ്റിനം (എസ്പിഎം) ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. ശ്വാസകോശത്തിൽ നിന്ന് വായു ചോർന്ന് വാരിയെല്ലിൽ പോയി തങ്ങിനിൽക്കുന്ന അവസ്ഥയാണ് ഇത്. യുവാവിന്റെ കാര്യത്തിൽ, തങ്ങിനിന്ന വായു ശരീരമാസകലം പരക്കുകയും, തലയോട്ടി വരെ എത്തുകയും ചെയ്തു.
ചില സന്ദർഭങ്ങളിൽ, ഇത് ശ്വാസകോശത്തിന്റെ തകർച്ചയ്ക്ക് വരെ കാരണമായേക്കാവുന്നതാണ്. രോഗിയുടെ നെഞ്ചിലെ ഒരു എക്സ്-റേയും ഡോക്ടർമാർ പരിശോധിച്ചു. നെഞ്ചിൽ ശ്വാസകോശ സഞ്ചികൾക്കിടയിലുള്ള സ്ഥലമാണ് മെഡിയസ്റ്റിൻ. അവിടെ വായു കുടുങ്ങിപ്പോയതായി എക്സ്-റേയിൽ അവർ കണ്ടു. വൈദ്യശാസ്ത്രപരമായി ന്യൂമോമെഡിയാസ്റ്റിനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. രണ്ട് ശ്വാസകോശങ്ങൾക്കിടയിലുള്ള ആ ഇടത്തേക്ക് വായു ചോരുമ്പോൾ മനുഷ്യന്റെ വായുസഞ്ചികൾക്കും കേടുപാടുകൾ സംഭവിക്കുന്നു.
അത്തരം ആളുകൾക്ക് അതിജീവിക്കാൻ ഉയർന്ന അളവിലുള്ള ഓക്സിജൻ ആവശ്യമാണ്. തുടർന്ന്, അദ്ദേഹത്തിന് ഐസിയുവിൽ ഓക്സിജനോടൊപ്പം, പാരസെറ്റമോൾ, ആൻറിബയോട്ടിക് എന്നിവയും ഡോക്ടർമാർ നൽകി. അണുബാധയ്ക്കുള്ള സാധ്യത കുറക്കാനായിരുന്നു ഇത്. ഒറ്റരാത്രികൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ യുവാവിനെ ജനറൽ വാർഡിലേക്ക് മാറ്റി. നെഞ്ചുവേദന എന്നാൽ മൂന്ന് ദിവസം കൂടി തുടർന്നു. നാലാം ദിവസം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
സാധാരണയായി ശ്വാസകോശത്തിനോ, അന്നനാളത്തിനോ സംഭവിക്കുന്ന ആഘാതം മൂലം ന്യൂമോമെഡിയാസ്റ്റിനം ഉണ്ടാകാം. അതല്ലെങ്കിൽ, നെഞ്ചിൽ പെട്ടെന്ന് അമിതസമ്മർദ്ദം ഉണ്ടാകുമ്പോൾ ചില ശ്വാസകോശ പാളികളിൽ വിള്ളൽ ഉണ്ടാക്കുകയും വായു പുറത്തേക്ക് ചാടാൻ ഇടയാവുകയും ചെയ്യാം. ഇത്തരത്തിലുള്ള പരിക്കുകൾ യുവാക്കളിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ, കഠിനമായ വ്യായാമം അല്ലെങ്കിൽ കഠിനമായ ഛർദ്ദി എന്നിവ എല്ലാം ഇതിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്.
എന്നാൽ, ഇത് ആദ്യമായാണ് സ്വയംഭോഗവുമായി ബന്ധപ്പെട്ട് ഒരാൾക്ക് ന്യൂമോമെഡിയാസ്റ്റിനം രേഖപ്പെടുത്തുന്നത്. മുൻപ് ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമോ ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ജേർണലായ റേഡിയോളജി കേസ് റിപ്പോർട്ട്സിന്റെ മെയ് ലക്കത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Post Your Comments