കോഴിക്കോട്: വിവാദ മിശ്ര വിവാഹത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ നേതാവ് ഷെജിൻ. പാർട്ടി തന്റെ കൂടെ ഉണ്ടെന്നും, ഹൈക്കോടതിയിലേക്ക് അഭിഭാഷകനായി അഡ്വ.കെ.എസ്.അരുൺ കുമാറിനെ ചുമതലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നും ഷെജിൻ വെളിപ്പെടുത്തുന്നു. സി.പി.എം ശക്തമായി തന്നെ കൂടെയുണ്ടെന്നാണ് ഷെജിൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ഷെജിന്റെ പ്രതികരണം.
‘സി.പി.എം ശക്തമായി ഞങ്ങളുടെ കൂടെയുണ്ട്. ജോയ്സ്നയെ തട്ടിക്കൊണ്ടുപോയെന്നൊക്കെ പ്രചരിച്ചപ്പോൾ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാതായതോടെ ആദ്യം പാർട്ടിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. എന്നെ ബന്ധപ്പെടാൻ പാർട്ടിക്കു കഴിയാത്തതുകൊണ്ടുണ്ടായ ഒരു ആശയക്കുഴപ്പമാണത്. പിന്നീട് എല്ലാം മാറി. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. ഡി.വൈ.എഫ്.ഐ ആണ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായി അഡ്വ.കെ.എസ്.അരുൺ കുമാറിനെ ചുമതലപ്പെടുത്തിയത്. ഡിവൈഎഫ്ഐയും പാർട്ടിയും ഉറച്ച നിലപാട് അറിയിച്ചതോടെയാണ് പ്രശ്നങ്ങളെല്ലാം തീർന്നത്’, ഷെജിൻ പറയുന്നു.
Also Read:അവിശ്വാസ പ്രമേയം: ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് മുഹ്സിൻ എംഎൽഎ
പരസ്പരം വർഷങ്ങളായി കണ്ടു പരിചയമുണ്ടെങ്കിലും കഴിഞ്ഞ സെപ്തംബറിലാണ് അടുപ്പത്തിലായതെന്ന് ഷെജിൻ പറയുന്നു. തനിക്ക് പിറന്നാളിന് വിഷ് ചെയ്യാൻ ജോയ്സ്ന അയച്ച സന്ദേശത്തിൽ നിന്നുമാണ് പതുക്കെ പ്രണയമുണ്ടായതെന്നും ഷെജിൻ പറയുന്നു. തന്നെ കുറിച്ചുള്ള നല്ലവശങ്ങളും നെഗറ്റിവുകളും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ബന്ധം തുടങ്ങിയതെന്നും, സുഹൃത്തുക്കളിൽ ചിലർക്കൊക്കെ ബന്ധം അറിയാമായിരുന്നുവെന്നും ഷെജിൻ വ്യക്തമാക്കുന്നു.
അതേസമയം, കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. ജോയ്സ്നയെ ഭർത്താവിനൊപ്പം വിട്ടുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് കോടതിയുടെ വിധി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. എന്നാൽ, ഹർജി പരിഗണിച്ചപ്പോള്‍ വീട്ടുകാർ പരാതിയുന്നത് കള്ളമാണെന്നും ഭര്‍ത്താവ് ഷെജിനൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നുമായിരുന്നു യുവതി പറഞ്ഞത്. ഇതോടെയാണ്, ഷെജിനൊപ്പം പോകാൻ കോടതി അനുവാദം നൽകിയത്.
Post Your Comments